മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് നാളെ പ്രേക്ഷകരിലേക്കെത്തുകയാണ്. ഏറെ പ്രതീക്ഷകളോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നതും. ഇപ്പോഴിതാ ബറോസിന് ആശംസകൾ നേർന്നിരിക്കുകയാണ് മമ്മൂട്ടി. ഫെയ്സ്ബുക്കിലൂടെയായിരുന്നു മമ്മൂട്ടിയുടെ ആശംസ. ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ്’. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് തനിക്കുറപ്പുണ്ട് എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ്’. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്.
എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം
സ്വന്തം മമ്മൂട്ടി.
ബറോസിന്റെ റിലീസിന് മൂന്നോടിയായി ചിത്രത്തിന്റെ പ്രിവ്യൂ ഇന്നലെ ചെന്നൈയില്‍ നടന്നിരുന്നു. സംവിധായകൻ മണിരത്നം, നടി രോഹിണി, നടൻ വിജയ് സേതുപതി തുടങ്ങിയവർ ഷോയിൽ പങ്കെടുത്തിരുന്നു. ഈ പ്രിവ്യൂ ഷോയിൽ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.