ജല ടൂറിസം, ഭക്ഷ്യശാല, കമ്യൂണിറ്റി ഹാൾ; കണ്ണൂരിൽ ഏഴര കോടി ചെലവിൽ മത്സ്യഗ്രാമം വരുന്നു

ജല ടൂറിസം, ഭക്ഷ്യശാല, കമ്യൂണിറ്റി ഹാൾ; കണ്ണൂരിൽ ഏഴര കോടി ചെലവിൽ മത്സ്യഗ്രാമം വരുന്നു

കണ്ണൂർ: കണ്ണൂരിൽ തീരദേശമേഖലയുടെ സമഗ്രവികസനവും മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും ലക്ഷ്യമാക്കിയുള്ള മാതൃകാ മത്സ്യഗ്രാമം പദ്ധതിക്ക് 7.5 കോടി രൂപയുടെ ഭരണാനുമതി. മാട്ടൂൽ സൗത്ത് കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. പുഴയും കടലും സംഗമിക്കുന്ന അഴിമുഖത്തിന്‍റെ സമീപത്താകും മുഖ്യ പ്രവർത്തനം. എം വിജിൻ എംഎൽഎയുടെ നിർദേശത്തെത്തുടർന്നാണ് കല്യാശേരി മണ്ഡലത്തിലേക്ക് മത്സ്യഗ്രാമമെത്തിയത്. തീരദേശ വികസന കോർപറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

കടൽ, പുഴ എന്നിവിടങ്ങളുമായി ബന്ധപ്പെടുന്ന തൊഴിലാളികളുടെ സർവ ക്ഷേമവും ലക്ഷ്യമാക്കുന്നതോടൊപ്പം മത്സ്യബന്ധയാനങ്ങൾ സുഗമമായി കരക്കടുപ്പിക്കാനും സുരക്ഷിതമായി സംരക്ഷിക്കാനും ഉതകുംവിധം ഫിഷ് ലാൻഡിങ് സെന്‍ററിനാണ് പ്രഥമ പരിഗണന. ഇത്‌ മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമാണ്.

ജലാശയങ്ങളിലെ സ്വാഭാവിക ജീവിതം കാണാനുതകുന്ന രീതിയിലാകും അക്വേറിയം സജ്ജമാക്കുക. വല നെയ്ത്ത് യൂണിറ്റും യാഥാർഥ്യമാക്കും. അലങ്കാര മത്സ്യകൃഷി, ക്രൂസ് ടൂറിസം പദ്ധതി, തീരദേശത്ത്‌ ഭക്ഷണശാല അതിനോടുചേർന്ന് താൽക്കാലിക വിശ്രമകേന്ദ്രം, സുനാമി ഷെൽട്ടർ ഉൾപ്പടെയുള്ളവ അനുബന്ധമായി ഒരുക്കും.

വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ക്രൂയിസ് പദ്ധതി നടപ്പിലാക്കുക. വിനോദ സഞ്ചാര മേഖലക്ക് ഉൾപ്പെടെ ഉണർവേകാൻ ഇവ ഉപകരിക്കും. സഞ്ചാരിളെ ആകർഷിക്കാൻ ഹൗസ് ബോട്ടുകളും സ്പീഡ് ബോട്ടുകളും സജ്ജമാക്കും. 250 പേർക്ക് ഇരിക്കാവുന്നതാണ് കമ്യൂണിറ്റി ഹാൾ.

മാട്ടൂൽ സൗത്ത് മേഖലയിലാണ് പദ്ധതി പ്രവർത്തനം. തീരദേശ വികസന കോർപറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. എം എൽ എയുടെ അധ്യക്ഷതയിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ വിശദ പ്രോജക്ട്‌ തയ്യാറാക്കാൻ തീരുമാനിച്ചു. ഇതിനുമുന്നോടിയായി പദ്ധതി പ്രദേശങ്ങൾ വിദഗ്‌ധ സംഘം സന്ദർശിക്കും. സർക്കാർ അനുമതി നേടി പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കുകയാണ്‌ ലക്ഷ്യമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *