കേരളത്തില്‍ ഓടിക്കാനുള്ള എന്‍ഒസി ഇല്ല, സീറ്റ് ബെല്‍റ്റ് ഇടാത്തതിന് നിരവധി തവണ പിഴ ചുമത്തി; ബൈജുവിന്റെ ഓഡി കാര്‍ ഒടുന്നത് ചട്ടങ്ങള്‍ ലംഘിച്ച്

കേരളത്തില്‍ ഓടിക്കാനുള്ള എന്‍ഒസി ഇല്ല, സീറ്റ് ബെല്‍റ്റ് ഇടാത്തതിന് നിരവധി തവണ പിഴ ചുമത്തി; ബൈജുവിന്റെ ഓഡി കാര്‍ ഒടുന്നത് ചട്ടങ്ങള്‍ ലംഘിച്ച്

നടന്‍ ബൈജുവിന്റെ ഓഡി കാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തില്‍ ഓടിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചു കൊണ്ടാണെന്ന് വിവരം. കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ബൈജുവിനെ അറസ്റ്റ് ചെയ്തത്. പിന്നാലെയാണ് ബൈജുവിന്റെ കാര്‍ നിരവധി തവണ നിയമം തെറ്റിച്ചിട്ടുണ്ട് എന്ന വിവരം പുറത്തുവന്നത്.

ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ കേരളത്തില്‍ ഓടിക്കാനുള്ള എന്‍ഒസി ഇതുവരെ ഹാജരാക്കിയിട്ടില്ല. 2023ല്‍ ആണ് കാര്‍ ബൈജു വാങ്ങിയത്. ഹരിയാനയിലെ ഗുരുഗ്രാമിലെ സെക്ടര്‍ 49ല്‍ താമസക്കാരന്‍ എന്നാണ് പരിവാഹന്‍ വെബ്‌സൈറ്റിലെ ബൈജുവിന്റെ വിലാസം. കാറിന്റെ മൂന്നാമത്തെ ഉടമയാണ് ബൈജു.

30 ദിവസത്തിനുള്ളില്‍ കേരളത്തില്‍ ഓടിക്കാനുള്ള എന്‍ഒസി ഹാജരാക്കണം. എന്നാല്‍ ബൈജു ഇത് ചെയ്തിട്ടില്ല. 2023ല്‍ തന്നെ ഒക്ടോബറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറ കണ്ണുകളില്‍ പെട്ടിരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഏഴ് തവണ പിഴ ചുമത്തിയിട്ടുണ്ട്.

മാത്രമല്ല ഇതുവരെ റോഡ് നികുതിയും അടച്ചിട്ടില്ല. 2015ല്‍ വാഹനം വാങ്ങിയ ആദ്യ ഉടമ 6,28,000 രൂപ 15 വര്‍ഷത്തെ നികുതിയായി അടച്ചിട്ടുണ്ട്. എങ്കിലും വാഹനത്തിന് ഇനി എത്ര വര്‍ഷം കാലാവധി ബാക്കിയുണ്ടോ അത്രയും വര്‍ഷത്തെ നികുതി ബൈജു കേരളത്തില്‍ അടക്കണം. എന്നാല്‍ ഇതുവരെ ബൈജു നികുതി അടച്ചിട്ടില്ല.

അതേസമയം, ഞായറാഴ്ച രാത്രി 11.45 ഓടെ വെള്ളയമ്പലത്ത് വച്ചാണ് ബൈജുവിന്റെ കാര്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് അപകടമുണ്ടായത്. സിഗ്നല്‍ പോസ്റ്റിലിടിച്ച ശേഷം വീണ്ടും മറ്റൊരു പോസ്റ്റിലിടിച്ച ശേഷമാണ് ബൈജുവിന്റെ വാഹനം നിന്നത്. പരിക്കേറ്റയാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *