ജയില്‍ മോചിതനായ ശേഷം ആദ്യമായി പ്രതികരിച്ച് അല്ലു അര്‍ജുന്‍. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ അല്ലു അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചു. ജയില്‍ മോചിതനായി വീട്ടിലെത്തിയ ശേഷമാണ് നടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും അല്ലു അര്‍ജുന്‍ പ്രതികരിച്ചു.
ഇന്നലെ ഉച്ച മുതല്‍ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ഒരു രാത്രിയിലെ ജയില്‍ വാസത്തിന് പിന്നാലെ അല്ലു അര്‍ജുന്‍ പുറത്തിറങ്ങുന്നത്. ”മരിച്ച സ്ത്രീയുടെ കുടുംബത്തോടൊപ്പം നില്‍ക്കും. എന്റെ കുടുംബത്തിനും ഇത് വലിയ വെല്ലുവിളികളുടെ സമയം ആയിരുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് എന്നെ പിന്തുണച്ച ആരാധകര്‍ക്ക് നന്ദി. കൂടെ നിന്ന സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകര്‍ക്കും നന്ദി” എന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.
ശനിയാഴ്ച്ച രാവിലെയാണ് താരം ജയില്‍ മോചിതനായത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലിന്റെ പിന്നിലെ ഗേറ്റ് വഴിയാണ് അല്ലു അര്‍ജുനെ പുറത്തിറക്കിയത്. പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡിയും അല്ലുവിനെ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയിരുന്നു.
ജയിലില്‍ നിന്നിറങ്ങിയ ശേഷം അല്ലു ആദ്യം പോയത് സ്വന്തം ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ ഗീത ആര്‍ട്സിന്റെ ഓഫീസിലേക്കാണ്. അവിടെ കുറച്ചുനേരം ചിലവഴിച്ച ശേഷമാണ് വീട്ടിലെത്തിയത്. വീടിന് പുറത്ത് സഹോദരന്‍ അല്ലു സിരീഷും ഭാര്യ സ്നേഹ റെഡ്ഡിയും മക്കളും അല്ലുവിനെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കെട്ടിപ്പിടിച്ച് സന്തോഷക്കണ്ണീരോടെയാണ് സ്നേഹ അല്ലുവിനെ സ്വീകരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തത്. അല്ലു അര്‍ജുനൊപ്പം സംഭവം നടന്ന ഹൈദരാബാദിലെ സന്ധ്യ തിയറ്റര്‍ ഉടമകളും ജയില്‍ മോചിതരായി. ഇവര്‍ക്കും ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരെയും അല്ലു അര്‍ജുനൊപ്പം വിട്ടയച്ചു.