ആ കുഞ്ഞിനെയും കുടുംബത്തെയും കാണരുതെന്ന് എനിക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്..; വിമര്‍ശനങ്ങളോട് അല്ലു അര്‍ജുന്‍

ആ കുഞ്ഞിനെയും കുടുംബത്തെയും കാണരുതെന്ന് എനിക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്..; വിമര്‍ശനങ്ങളോട് അല്ലു അര്‍ജുന്‍

ജയില്‍ മോചിതനായതിന് പിന്നാലെ തെലുങ്കിലെ നിരവധി താരങ്ങള്‍ നടന്‍ അല്ലു അര്‍ജുനെ സന്ദര്‍ശിച്ചിരുന്നു. താരങ്ങള്‍ക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന അല്ലുവിന്റെ ചിത്രം പുറത്തുവന്നതോടെ നടനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. തിയേറ്ററിലുണ്ടായ അപകടത്തില്‍ മരിച്ച രേവതിയുടെ മകന്‍ ഇപ്പോഴും അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുകയാണ്, ആ സമയത്ത് ഇങ്ങനെ ആഘോഷിക്കാന്‍ എങ്ങനെ തോന്നുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍ ഇപ്പോള്‍. ചികിത്സയില്‍ കഴിയുന്ന കുട്ടിയെ കാണാന്‍ പോകാത്തത് തന്റെ നിയമവിദഗ്ധര്‍ വിലക്കിയത് കൊണ്ട് മാത്രമാണ് എന്നാണ് അല്ലുവിന്റെ വിശദീകരണം. ആശുപത്രി സന്ദര്‍ശിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുന്ന തരത്തില്‍ വ്യാഖ്യാനം ചെയ്യപ്പെടും. അത് ഒഴിവാക്കാനായാണ് താന്‍ ശ്രമിക്കുന്നത് എന്നാണ് അല്ലു അര്‍ജുന്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കുന്നത്.

”ആ നിര്‍ഭാഗ്യകരമായ സംഭവത്തിന് ശേഷം ചികിത്സയില്‍ കഴിയുന്ന കുട്ടിയെ കുറിച്ച് എനിക്ക് അതീവ ഉത്കണ്ഠയുണ്ട്. എന്നാല്‍ നിയമനടപടികള്‍ നടക്കുന്നതിനാല്‍, ആ കുഞ്ഞിനെയും കുടുംബത്തെയും ഈ സമയത്ത് സന്ദര്‍ശിക്കരുതെന്ന് എനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയെ സന്ദര്‍ശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തില്‍ വ്യാഖ്യാനം ചെയ്യപ്പെടും.”

”കുട്ടിയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. ആ കുഞ്ഞിനെയും കുടുംബത്തെയും എത്രയും വേഗം കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നു” എന്നാണ് അല്ലു അര്‍ജുന്‍ കുറിച്ചിരിക്കുന്നത്. അതേസമയം, അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായതിന് പിന്നാലെ വിജയ് ദേവരകൊണ്ട, റാണ ദഗുബതി, സുരേഖ, സുകുമാര്‍ തുടങ്ങി സിനിമാരംഗത്തെ നിരവധി പേര്‍ നടനെ സന്ദര്‍ശിച്ചിരുന്നു.

കൂടാതെ അല്ലുവും ഭാര്യയും മക്കളും നടനും അമ്മാവനുമായ ചിരഞ്ജീവിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ചിരഞ്ജീവിക്കൊപ്പം നില്‍ക്കുന്ന അല്ലുവിന്റേയും ഭാര്യയുടേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) ആണ് തിയേറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തിയതോടെ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് രേവതി മരിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *