കലം, കുക്കർ, ഫോൺ, വാച്ച്…, അർജുന്റെ ലോറിയിൽ നിന്നും സാധനങ്ങൾ കണ്ടെടുത്തു; ഒപ്പം മകന്റെ കളിപ്പാട്ടവും, ഇത് കണ്ണീർ കാഴ്ച

കലം, കുക്കർ, ഫോൺ, വാച്ച്…, അർജുന്റെ ലോറിയിൽ നിന്നും സാധനങ്ങൾ കണ്ടെടുത്തു; ഒപ്പം മകന്റെ കളിപ്പാട്ടവും, ഇത് കണ്ണീർ കാഴ്ച

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറിക്കുള്ളിൽ നിന്നും സാധനങ്ങൾ കണ്ടെത്തി. കലം, കുക്കർ, പത്രങ്ങൾ, അർജുന്റെ ഫോൺ, വാച്ച്, ഭക്ഷണ സാധനങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. അതേസമയം ലോറിയുടെ ക്യാബിനുള്ളിൽ അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്. കാബിന്റെ ഭാ​ഗത്തുള്ള ചെളി നീക്കിയപ്പോഴാണ് സാധനങ്ങളെല്ലാം കിട്ടിയത്.

72 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷിരൂരിലെ ​ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ ഉള്ളുലയ്ക്കുന്ന കാഴ്ചയാണ് ഷിരൂരിലെ മണ്ണിൽ നിന്നും കാണാൻ കഴിയുന്നത്. തന്റെ മകന് വേണ്ടി വാങ്ങിയ കളിപ്പാട്ടവും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയ കളിപ്പാട്ടം അര്‍ജുന്‍ ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് യാത്ര ചെയ്തിരുന്നത്. തന്റെ മകന് നൽകിയ കളിപ്പാട്ടം പിന്നീട് തിരികെ പോയപ്പോള്‍ അര്‍ജുന്‍ കൂടെക്കൊണ്ടുപോയിരുന്നു. അർജുന്റെ അനിയന്‍ അഭിജിത്താണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.

ഇന്നലെയാണ് അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയത്. ലോറി കണ്ടെത്തിയ ഉടൻ ക്യാബിനുള്ളിൽ ഒരു മൃതദേഹം ഉണ്ടെന്ന് കാർവാർ എംഎൽഎ വ്യക്തമാക്കിയിരുന്നു. തുടർന്ന് ലോറി ഉയർത്തി നടത്തിയ പരിശോധനയിൽ അർജുന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. മൂന്നാം ഘട്ട തിരച്ചിലിൽ ആറാം ദിവസം തിരച്ചിൽ പുരോഗമിക്കുന്നതിനിടയിലാണ് അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയത്. അതേസമയം നേരത്തേ നടത്തിയ തിരച്ചിലിൽ പുഴയിൽ വീണ ടാങ്കറിന്‍റെ ഭാഗങ്ങളല്ലാതെ അർജുന്‍റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താനായിരുന്നില്ല.

അതേസമയം അർജുന്റെ മൃതദേഹം ഷിരൂരിൽ നിന്നും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡിഎൻഎ പരിശോധനയ്ക്കായി അസ്ഥിയുടെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഡിഎൻഎ ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. മൃതദേഹഭാഗം കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുക്കും. അതേസമയം കാണാതായ മറ്റ് രണ്ട് പേർക്കായുളള തെരച്ചിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായുള്ള തിരച്ചിലാണ് തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ മൃതദേഹം എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *