ബ്രിസ്‌ബെയിനിൽ ഇന്ത്യ പ്രതീക്ഷിച്ചത് ഒരു അത്ഭുതം മാത്രമാണ്. “സമനില കൊണ്ട് മടങ്ങാം എന്നത്”. എന്നാൽ യാതൊരു അത്ഭുതവും സംഭവിച്ചില്ല എന്ന് മാത്രമല്ല അതിദയനീയ തോൽവി ഏറ്റുവാങ്ങി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് എത്താനുള്ള സാധ്യതയും ഇന്ത്യ നശിപ്പിച്ചിരിക്കുന്നു. നാലാം ടെസ്റ്റിൽ ഓസ്ട്രേലിയ ഉയർത്തിയ 339 റൺസ് പിന്തുടർന്ന ഇന്ത്യ 155 റൺസിന് പുറത്താക്കുക ആയിരുന്നു. ഓസ്‌ട്രേലിയക്ക് 184 റൺസിന്റെ കൂറ്റൻ ജയവും പരമ്പരയിൽ 2 – 1 ലീഡും.
ഇന്ന് രാവിലെ നാഥാൻ ലിയോണിന്റെ വിക്കറ്റ് വീഴ്ത്തി ബുംറ തന്റെ 5 വിക്കറ്റ് നേട്ടം പൂർത്തിയാക്കുകയും ഓസ്‌ട്രേലിയൻ ഇന്നിംഗ്സ് അവസാനിപ്പിക്കുകയും ചെയ്തു. സമനില എങ്കിലും പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചുകൊണ്ട് നായകൻ രോഹിത് ശർമ (9), കെ എൽ രാഹുൽ (0), വിരാട് കോലി (5) എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. രോഹിത്താണ് ആദ്യം മടങ്ങിയത്. 40-ാം പന്തിലാണ് രോഹിത് പുറത്താവുന്നത്. ഒമ്പത് റൺസെടുത്ത താരത്തെ ഓസീസ് ക്യാപ്റ്റൻ തേർഡ് സ്ലിപ്പിൽ മിച്ചൽ മാർഷിന്റെ കൈകളിലെത്തിച്ചു. അതേ ഓവറിലെ അവസാന പന്തിൽ കെ എൽ രാഹുലും (0) മടങ്ങി. കോഹ്‌ലി ആകട്ടെ പതിവുപോലെ ഓഫ് സ്റ്റമ്പിന് പുറത്തുപോയ പന്തിന് ബാറ്റുവെച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു. 5 റൺസിന് അദ്ദേഹം പുറത്തായി. ശേഷം രണ്ടാം സെഷനിൽ വിക്കറ്റൊന്നും ഇന്ത്യക്ക് നഷ്ടമായിരുന്നില്ല. പന്ത്-ജയ്‌സ്വാൾ സഖ്യം 88 റൺസ് ചേർക്കുകയും ചെയ്തു.
പന്തും ജയ്‌സ്വാളും കൂടി ഇന്ത്യക്ക് സമനില എങ്കിലും നേടി തരുമെന്ന് കരുതിയ സമയത്ത് അനാവശ്യ ഷോട്ട് കളിച്ച് പന്ത് (30 ) മടങ്ങുക ആയിരുന്നു. ശേഷം ടീമിനെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയുടെ സ്‌കോർ 140ൽ നിൽക്കെയാണ് ജയ്‌സ്വാൾ( 84 ) മടങ്ങുന്നത്. കമ്മിൻസിന്റെ പന്ത് ഹുക്ക് ചെയ്യാനുള്ള ശ്രമത്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച്. എന്നാൽ അംപയർ ഔട്ട് വിളിച്ചിരുന്നില്ല. പിന്നാലെ ഓസീസ് റിവ്യൂ എടുത്തു. എന്നാൽ റിവ്യൂയിൽ സ്‌നിക്കോയിൽ ഒന്നുമ്മുള്ളതായി കണ്ടിരുന്നില്ല. ബാറ്റിലുരസി വ്യതിചലിച്ചതാണെന്ന് നിഗമനം. തേർഡ് അംപയർ നിർദേശത്തെ തുടർന്ന് അംപയർ തീരുമാനം മാറ്റുകയും ചെയ്തു. ജയ്‌സ്വാളിന് മടക്കം. ഔട്ട് വിളിച്ചതിന് പിന്നാലെ അംപയറോട് സംസാരിച്ചാണ് ജയ്‌സ്വാൾ തിരിച്ചുനടക്കുന്നത്. എട്ട് ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്.
തുടർന്ന് ജഡേജ (2 ) നിതീഷ് കുമാർ റെഡ്ഢി (1 ) എന്നിവരും വീണു. ശേഷം വാഷിംഗ്‌ടൺ സുന്ദർ വാലറ്റത്തിന്റെ കൂടെ ബാറ്റുചെയ്ത് എത്ര നേരം പിടിച്ചുനിൽക്കും എന്നത് മാത്രമായി ശ്രദ്ധ. എന്നാൽ ആകാശ് ദീപ് (7 ) , ജസ്പ്രീത് ബുംറ (0 ), മുഹമ്മദ് സിറാജ് (0 ) എന്നിവർക്ക് ഒന്നും ചെയ്യാനാകാതെ മടങ്ങിയതോടെ ഇന്ത്യ അർഹിച്ച തോൽവിയെറ്റ് വാങ്ങി. ഓസ്‌ട്രേലിയ്ക്കായി കമ്മിൻസ്, ബോളണ്ട് എന്നിവർ മൂന്നും ലിയോൺ രണ്ടും ഹെഡ് ഒരു വിക്കറ്റും വീഴ്ത്തി തിളങ്ങി.