നാളെ നടക്കാൻ പോകുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ആദ്യ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ നായകനായ പാറ്റ് കമ്മിൻസ്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ സൈഡ് സ്‌ട്രെയിൻ ഇഞ്ചുറി കാരണം ടീമിൽ നിന്ന് പുറത്തായ താരമാണ് ജോഷ് ഹേസൽവുഡ്. അതിന്റെ ഫലമായി താരത്തിന് രണ്ടാം ടെസ്റ്റ് മത്സരത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടി വന്നിരുന്നു. എന്നാൽ പരിക്കിൽ നിന്ന് മുക്തി നേടി താരം ടീമിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.
ആദ്യ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച താരമായിരുന്നു ജോഷ് ഹേസൽവുഡ്. അദ്ദേഹത്തിന് പകരം രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ഇറക്കിയ താരമായിരുന്നു സ്കോട്ട് ബോളണ്ട്. പകരക്കാരനും മികച്ച പ്രകടനമാണ് ഇന്ത്യക്കെതിരെ നടത്തിയത്. എന്നാൽ മൂന്നാം ടെസ്റ്റിൽ സ്കോട്ട് ബോളണ്ട് പുറത്തിരിക്കും.
രണ്ടാം ടെസ്റ്റിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച സ്കോട്ടിനെ പുറത്തിരുത്താനുള്ള തീരുമാനം വിഷമമുണ്ടാക്കുന്നതാണെന്നും എന്നാൽ തത്കാലം മുന്നിൽ മറ്റ് വഴികളിലില്ലന്നും പാറ്റ് കമ്മിൻസ് പറഞ്ഞു. രണ്ട് ഇന്നിങ്‌സുകളിൽ നിന്നുമായി സ്കോട് ബോളണ്ട് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
നാളെ നടക്കാൻ പോകുന്ന ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. ഇനിയുള്ള ടെസ്റ്റ് മത്സരങ്ങൾ എല്ലാം തന്നെ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഫൈനലിലേക്ക് പ്രവേശിക്കാൻ സാധിക്കൂ.