അസമിലെ ദിമാ ഹസാവോ ജില്ലയിലെ പച്ചപ്പ് നിറഞ്ഞ ജതിംഗ എന്ന മനോഹരവും വിസ്മയിപ്പിക്കുന്നതുമായ ഒരു ഗ്രാമം. ഗംഭീരമായ ബോറെയിൽ പർവതങ്ങളാൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ വെറും 25,000 ആളുകൾ മാത്രമാണ് താമസിക്കുന്നത്. ദൂരെ നിന്ന് നോക്കുമ്പോൾ വളരെ ശാന്തമായ അന്തരീക്ഷമായാണ് ഗ്രാമത്തെ തോന്നുക. എന്നാൽ ഈ ഗ്രാമത്തിന്റെ ശാന്തതയ്ക്ക് പിന്നിൽ പല ഇരുണ്ട കഥകളുമുണ്ട്. ‘മഴയുടെയും വെള്ളത്തിൻ്റെയും പാത’ എന്നർഥമുള്ള ജെമി നാഗ പദമാണ് ജതിങ്ക. 1900-കളുടെ തുടക്കം മുതൽ നിരീക്ഷിക്കപ്പെടുന്ന വളരെ വിചിത്രമായ ഒരു പ്രതിഭാസത്തിന് ഈ ഗ്രാമം പ്രശസ്തമാണ്.
ഒരു നൂറ്റാണ്ടിലേറെയായി ശാസ്ത്രജ്ഞരെയും പക്ഷിശാസ്ത്രജ്ഞരെയും പ്രദേശത്തുള്ളവരെയും ഒരുപോലെ ആകർഷിച്ച ഒരു കാര്യമാണ് ഇവിടുത്തെ ആത്മഹത്യകൾ. ആത്മഹത്യാ ചെയ്യുന്നത് മനുഷ്യരല്ല എന്നതാണ് പ്രത്യേകത. ഇവിടെ പക്ഷികളാണ് കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നതായി പറയപ്പെടുന്നത്.
സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ ഗ്രാമം കനത്ത മൂടൽമഞ്ഞിൽ പൊതിയാറുണ്ട്. ഈ സമയത്ത് പ്രദേശത്തുള്ളതും ഇവിടെയെത്തുന്ന ദേശാടന പക്ഷികളും അസാധാരണമായ രീതിയിൽ പെരുമാറാൻ തുടങ്ങും. Tiger bittern എന്ന ദേശാടന പക്ഷി മുതൽ മരംകൊത്തികൾ വരെ ഇരുണ്ട ആകാശത്ത് നിയന്ത്രണമില്ലാതെ പറക്കാൻ തുടങ്ങും. അതിലും വിചിത്രമായ കാര്യം എന്തെന്നാൽ ഇവയിൽ ചിലത് ഏതെങ്കിലും മരങ്ങളിലും കെട്ടിടങ്ങളിലും മറ്റ് വസ്തുക്കളിലും പറക്കുന്നതിനിടെ പോയി ഇടിക്കാറുണ്ട്.
ഗ്രാമത്തിൻ്റെ 1.5 കിലോമീറ്റർ ഇടുങ്ങിയ ഭാഗത്താണ് ഇത് സംഭവിക്കുന്നത്. ഈ കാരണം കൊണ്ട് ഗ്രാമത്തിന് ‘ബെർമുഡ ട്രയാംഗിൾ ഫോർ ബേർഡ്സ്’ എന്ന പേരും ലഭിച്ചിട്ടുണ്ട്.നിലവില്ലാത്ത രാത്രികളിൽ ഈ സംഭവം കൂടുതലായി സംഭവിക്കാറുണ്ട് എന്നാണ് പറയുന്നത്. വൈകിട്ട് ഏഴിനും രാത്രി പത്തിനും ഇടയിലാണ് ഇത് നടക്കാറുള്ളത് എന്നും പറയപ്പെടുന്നു. കൃത്രിമ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടുന്നവയാണ് ഈ പക്ഷികൾ. 1900-കളിലെ നാഗാ ജനതയായിരുന്നു ഈ പ്രതിഭാസത്തിന് ആദ്യമായി സാക്ഷ്യം വഹിച്ചത്. എന്നാൽ ഇവിടെ ചില ദുഷ്ടശക്തികൾ ഉണ്ടെന്ന് മനസ്സിലാക്കിയതോടെ അവർ പെട്ടെന്ന് ഗ്രാമം ഉപേക്ഷിച്ചു പോവുകയായിരുന്നു. 1905-ൽ ജൈന്തിയ ഗോത്രക്കാർ ഉപേക്ഷിക്കപ്പെട്ട ഈ ഗ്രാമത്തെ കണ്ടെത്തുകയും അവരുടെ വീടാക്കി മാറ്റുകയും ചെയ്തു. എന്നാൽ അവരും ഈ വിചിത്ര സംഭവത്തിന് സാക്ഷികളായി.
എന്നാൽ നാഗ ഗോത്രത്തെ പോലെ ഈ കൂട്ടർ ഇത് ഒരു ശാപമായി കണ്ടില്ല. ഈ പക്ഷികൾ മരിക്കുന്നത് അവർക്ക് അവയുടെ മാംസം കഴിക്കാനും ഇതിലൂടെ പ്രയാസകരമായ സാഹചര്യങ്ങളിൽ തങ്ങളെ നിലനിർത്താനുമാണെന്നുമാണ് എന്നാണ് ജൈന്തിയ ഗോത്രക്കാർ കരുതിപ്പോന്നത്.
പക്ഷികളുടെ മരണത്തിന് പിന്നിലെ ഉത്തരം തേടി പലരും ഇവിടെ എത്തിയെങ്കിലും പക്ഷികൾ കൂട്ട ആത്മഹത്യ ചെയ്യുന്നതിൻ്റെ പിന്നിലെ നിഗൂഢതയ്ക്ക് ആർക്കും കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞിട്ടില്ല. ദൈവിക ഇടപെടലുകളും ദുഷിച്ച ശാപങ്ങളും ആണ് ഇതിനു പിന്നിലെ കാരണം എന്നത് മാറ്റിനിർത്തിയാൽ, കനത്ത മൂടൽമഞ്ഞ്, ശക്തമായ കാറ്റ്, മഴക്കാലത്തെ കനത്ത മഴ എന്നിവ ഉൾപ്പെടുന്ന ഗ്രാമത്തിൻ്റെ തീവ്രമായ ഭൂപ്രകൃതി പക്ഷികളെ വഴിതെറ്റിക്കുകയും ഗ്രാമത്തിലെ വിളക്കുകളിലേക്ക് പറക്കാൻ നയിക്കുന്നുവെന്നാണ് ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.
ഈ സമയത്താണ് പക്ഷികൾ കെട്ടിടങ്ങളിലും തൂണുകളിലും ഇടിച്ച് വീഴുന്നത്. കൊടുമുടിയുടെ കാന്തിക ഗുണങ്ങളാണ് ആത്മഹത്യകൾക്ക് കാരണമായതെന്നാണ് കൂടുതൽ സങ്കീർണ്ണമായ മറ്റൊരു സിദ്ധാന്തം. ഇവയെ സംരക്ഷിക്കാൻ ശ്രമങ്ങൾ നടത്തിയതോടെ പക്ഷികളുടെ ആത്മഹത്യകളിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും, ഈ വിചിത്രമായ മരണങ്ങൾക്ക് കാരണം എന്താണെന്ന് ആർക്കും ഇപ്പോഴും അറിയില്ല. ഫിലിപ്പെൻസിലും മലേഷ്യയിലും ഇന്ത്യയിലെ മിസ്സോറാമിലും ഇതേ രീതിയിൽ പക്ഷികൾ ചത്തുവീഴുന്ന പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്.