ദില്ലി രോഹിണി സിആർപിഎഫ് സ്കൂളിന് മുന്നിലെ സ്ഫോടനത്തിൽ ഭീകരബന്ധം കണ്ടെത്താനായിട്ടില്ല. ഡൽഹിയിലെ പ്രശാന്ത് വിഹാറിൽ സിആർപിഎഫ് സ്കൂളിന് പുറത്താണ് സ്ഫോടനം ഉണ്ടായത്. എൻഐഎ സംഘവും എൻഎസ്‌ജി കമാൻഡോകളും ദേശീയ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥരും സ്ഫോടനം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
സ്ഫോടനത്തിൽ ഭീകരബന്ധം കണ്ടെത്താനായില്ലെന്നാണ് ദില്ലി പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കേന്ദ്ര ഏജൻസികളും ഈ നിഗമനം ശരിവയ്ക്കുന്നു. രാവിലെ സ്ഥലത്ത് നടക്കാനിറങ്ങിയ ആൾ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി നേരത്തെ അവിടെയുണ്ടായിരുന്ന വ്യവസായ മാലിന്യത്തിൽ വീണതാകാം സ്ഫോടനത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇക്കഴിഞ്ഞ ഒക്‌ടോബർ 20നായിരുന്നു സ്‌കൂളിന് പുറത്ത് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ സ്‌കൂളിന് സമീപത്തെ കടകളുടെയും പാർക്ക് ചെയ്തിരുന്ന കാറിൻ്റെയും ചില്ലുകൾക്കും മറ്റുമായി കേടുപാടുകൾ സംഭവിച്ചിച്ചിരുന്നു. സ്ഫോടനത്തിൻ്റെ കാരണം സംബന്ധിച്ച് വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും സ്പെഷ്യൽ സെൽ ഉൾപ്പെടെയുള്ളവർ അന്വേഷിക്കുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചിരുന്നു.