നടിയെ ലൈംഗികാതിക്രമം നടത്തി, സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയ കന്നഡ നടന് ചരിത് ബാലപ്പ അറസ്റ്റില്‍. 29കാരിയായ നടിയുടെ പരാതിയില്‍ വെള്ളിയാഴ്ച രാജരാജേശ്വരി നഗര്‍ പൊലീസ് ആണ് ചരിത്തിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമാണ് അതിക്രമം നടന്നത് എന്നാണ് ഡിസിപി എസ് ഗിരീഷ് പറയുന്നത്.
ഈ മാസം 13ന് ആണ് യുവനടി പരാതി നല്‍കിയത്. 2017 മുതല്‍ കന്നഡ, തെലുങ്ക് ഭാഷാ സിരീയലുകളില്‍ ഈ നടി അഭിനയിച്ചു വരികയാണ്. 2023ല്‍ ആണ് ഇവര്‍ ചരിത് ബാലപ്പയുമായി പരിചയപ്പെട്ടത്. നടിയോട് പ്രണയിക്കാന്‍ നിര്‍ബന്ധിക്കുകയും നടന് നടിയെ മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു. വധഭീഷണി മുഴക്കിയെന്നും നടി പൊലീസിനോട് പറഞ്ഞു.
പ്രതിയും കൂട്ടാളികളും ചേര്‍ന്ന് നടിയുടെ വസതിക്ക് സമീപം നിരന്തരം ശല്യമുണ്ടാക്കുകയും താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനും നടന് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. തന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും നടന്മാരും നടിമാരും ഉള്‍പ്പെടുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും നടിയുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും പങ്കുവെക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി.
തന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഇയാള്‍ ബ്ലാക്ക് മെയില്‍ ചെയ്തതായി നടി പോലീസിനോട് പറഞ്ഞു. രാഷ്ട്രീയക്കാരുമായും റൗഡികളുമായുമടക്കം ശക്തരായ വ്യക്തികളുമായുള്ള ബന്ധം നടന് ഉപയോഗിക്കുകയും എപ്പോള്‍ വേണമെങ്കിലും തന്നെ ജയിലില്‍ അടയ്ക്കാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവര്‍ പരാതിയില്‍ പറയുന്നുണ്ട്.