വിഭാഗീയതയില്‍ നടപടിയുമായി സിപിഎം; കരുനാഗപ്പള്ളി ഏര്യ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയില്‍ നടപടിയുമായി സിപിഎം; കരുനാഗപ്പള്ളി ഏര്യ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയത കൊടുംപിരികൊണ്ട കരുനാഗപ്പള്ളി സിപിഎം ഏര്യ കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന നേതൃത്വത്തിന്റേതാണ് തീരുമാനം. വിഭാഗീയത തെരുവിലേക്കും പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങിയതിന് പിന്നാലെയാണ് കരുനാഗപ്പള്ളിയില്‍ നടപടി. പിന്നാലെ ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിലും ഭിന്നാഭിപ്രായങ്ങളുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഏര്യ കമ്മിറ്റി പിരിച്ചുവിടുന്ന തീരുമാനത്തിലെത്തുകയായിരുന്നു. ലോക്കല്‍ കമ്മിറ്റികളില്‍ പ്രശ്രനങ്ങള്‍ ഉണ്ടായെന്നും തെറ്റായ ഒരു പ്രവണതയും അംഗീകരിക്കാന്‍ കഴിയില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

നേരത്തെ സേവ് സിപിഎം എന്ന പ്ലക്കാര്‍ഡുകളുമായി പ്രവര്‍ത്തകര്‍ ഏര്യ കമ്മിറ്റി ഓഫീസിലേക്ക് പ്രകടനം നടത്തിയിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് കരുനാഗപ്പള്ളി ഏര്യ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കല്‍ സമ്മേളനങ്ങളും അലങ്കോലപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിലേക്ക് പോയതോടെ കഴിഞ്ഞ ദിവസം നടന്ന കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനം കയ്യാങ്കളി വരെയെത്തി.

ജില്ലാ കമ്മിറ്റി അംഗം പിആര്‍ വസന്തനെതിരെയും ആരോപണമുണ്ട്. കുലശേഖരപുരം നോര്‍ത്ത് സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ പൂട്ടിയിട്ടു. ഏകപക്ഷീയമായി ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ തീരുമാനിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *