
നിലവിൽ ഇന്ത്യൻ താരങ്ങൾക്ക് മോശമായ സമയമാണ് ഉള്ളത്. കഴിഞ്ഞ വർഷം ഒരു ഐസിസി ട്രോഫി നേടിയ ടീം ഇത്രയും ഗതികേടിലേക്ക് പോയത് എന്ത് കൊണ്ട് എന്നാണ് ആരാധകർ ചോദിക്കുന്നത്. ന്യുസിലാൻഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയും, ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയും കൈവിട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പുറത്തായിരുന്നു.
ഇതോടെ കർശന നിർദേശങ്ങളുമായി ബിസിസിഐ രംഗത്ത് എത്തി. അതിലെ പ്രധാന നിയമമാണ് താരങ്ങൾ എല്ലാവരും തന്നെ ആഭ്യന്തര മത്സരങ്ങൾ കളിക്കണം എന്നുള്ളത്. തുടർന്ന് രോഹിത് ശർമ്മ, യശസ്‌വി ജയ്‌സ്വാൾ, വിരാട് കോഹ്ലി, റിഷഭ് പന്ത്, ശുഭ്മൻ ഗിൽ എന്നിവർ രഞ്ജി ട്രോഫിയുടെ ഭാഗമായി.
തങ്ങളുടെ പഴയ ഫോം കണ്ടെത്താൻ വേണ്ടി രഞ്ജി കളിക്കുന്ന താരങ്ങൾക്ക് ഇപ്പോൾ അവിടെയും ഫ്ലോപ്പായി മാറിയിരിക്കുകയാണ്. ജമ്മു കാശ്മീരിനെതിരെ നടന്ന മത്സരത്തിൽ മുംബൈക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ രോഹിത് 19 പന്തിൽ മൂന്ന് റൺസിന് ഔട്ടായി. ഉമർ നാസിറിന്റെ പന്തിൽ പരാസ് ഡോഗ്രയ്ക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. കൂടാതെ ഓപണിംഗിൽ ഇറങ്ങിയ യശസ്‌വി ജൈസ്വാളും പെട്ടന്ന് തന്നെ മടങ്ങി. 8 പന്തിൽ 4 റൺസാണ് താരത്തിന്റെ സംഭാവന.
കർണാടകയ്‌ക്കെതിരായ മത്സരത്തിൽ പഞ്ചാബിനെ നയിക്കുന്ന ശുഭ്മൻ ഗില്ലും, ഓപ്പണറായെത്തി നാലു റൺസെടുത്ത് പുറത്തായി. സൗരാഷ്ട്രയ്ക്കെതിരെ കളത്തിലിറങ്ങിയ റിഷഭ് പന്തും ഒരു റൺസിന് ഔട്ടായി. ചാമ്പ്യൻസ് ട്രോഫിയുടെ കാര്യത്തിൽ തീരുമാനം ആയി എന്നാണ് ആരാധകരുടെ വാദം.