ഭാര്യ അതിസുന്ദരി. വിവാഹം കഴിഞ്ഞിട്ട് അധികം നാളുകളായിട്ടില്ല. നല്ല സാമ്പത്തികം. രണ്ടു പേർക്കും ജോലി. പരസ്പര സ്നേഹവും വിശ്വാസവും ഉളള ദമ്പതികളെന്ന് ഒറ്റ നോട്ടത്തിൽ ആർക്കും തോന്നാം. എന്നാൽ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സുന്ദരദാമ്പത്യം കുടുംബകോടതിയിൽ എത്തി. കോടതി നടപടി ക്രമങ്ങൾക്കിടയിലാണ് അവരുടെ കിടപ്പറ രഹസ്യങ്ങൾ കൗൺസലർക്കു മുന്നിൽ വെളിപ്പെടുന്നത്. കല്യാണം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞെങ്കിലും ഒരിക്കൽപോലും ഇവർ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ല. അതിന്റെ കാരണം ഭർത്താവ് വെളിപ്പെടുത്തിയത് ഇങ്ങനെ; ‘കല്യാണം കഴിഞ്ഞ് ആദ്യരാത്രി തന്നെ ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. അവൾ സൈബർ സെക്സിനു അടിമയായിരുന്നു. ജീവിതത്തിൽ യഥാർത്ഥ സെക്സിനോട് അവൾക്ക് യാതൊരു താൽപര്യവും തോന്നിയിരുന്നില്ല. സ്നേഹം കൊണ്ട് അവളെ കീഴ്പ്പെടുത്താൻ ഞാൻ പലവട്ടം ശ്രമിച്ചു. നടന്നില്ല. പിന്നീട് ഒരു ഡോക്ടറെ കണ്ടു. ചികിത്സിക്കാൻ ശ്രമിച്ചു. അപ്പോഴും ഞാൻ പരാജയപ്പെടുകയായിരുന്നു. എനിക്കു മുന്നിൽ വേറെ വഴികളില്ല ഇതല്ലാതെ അതുകൊണ്ടുമാത്രം ഞാൻ ഇത്തരമൊരു തീരുമാനം എടുക്കുന്നു.
ഭാര്യാഭർത്താക്കന്മാർ തമ്മിലുളള ശാരീരികബന്ധം ഇല്ലായ്മ വിവാഹമോചനത്തിനുളള കാരണങ്ങളിൽ ഒന്നായി കോടതി കണക്കാക്കാറുണ്ട്. ലൈംഗികജീവിതം വ്യക്തിയുടെ മൗലിക അവകാശങ്ങളിൽപ്പെടുത്തിയാണ് കോടതി വിവാഹമോചനം അനുവദിക്കുന്നത്.
പല കേസുകളിലും ലൈംഗികത വില്ലനായി കടന്നുവരാനുണ്ട്. വിവാഹമോചനം എളുപ്പത്തിൽ സമ്പാദിക്കാവുന്ന ഉപാധിയായി ലൈംഗികപ്രശ്നങ്ങൾ പറയാറുണ്ടെങ്കിലും വിചാരിക്കുന്നതിലും അപ്പുറത്താണ് കാര്യങ്ങൾ. ഒരു വര്‍ഷം ഇരുപതിനായിരത്തിലേറെ കേസുകൾ കേരളത്തിലെ കുടുംബകോടതികളിൽ എത്തുന്നു. ഇതിന്റെ കാരണങ്ങൾ പുറമേ അറിയുന്നതു മാത്രമല്ല നല്ലൊരു ശതമാനവും ലൈംഗികപ്രശ്നങ്ങൾ മൂലമാണ്. അഖിലേന്ത്യാടിസ്ഥാനത്തിൽ നടന്ന സർവേയുടെ അടിസ്ഥാനത്തിൽ നടന്ന പഠനങ്ങൾ പറയുന്നതാണിത്.
മോചനം കൂടുന്നു
കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ അസംതൃപ്ത ലൈംഗികതയുടെ പേരിലുളള വിവാഹമോചനങ്ങൾ വര്‍ധിക്കുന്നതായി പഠനങ്ങളും സർവേകളും പറയുന്നു. 2015–ൽ നടന്ന ഒരു പഠനം പറയുന്നത് ഇന്ത്യയിൽ നടക്കുന്ന വിവാഹമോചനക്കേസുകളിൽ 20 മുതൽ 30 ശതമാനം വരെ ലൈംഗിക അസംതൃപ്തിയുടെ ഫലമാണെന്നാണ്.
ലൈംഗികതയും അതുമായി ബന്ധപ്പെട്ടു വരുന്ന ശാരീരിക മാനസികപ്രശ്നങ്ങളുമാണു ദാമ്പത്യങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തുന്നത് എന്നും പഠനങ്ങൾ പറയുന്നു. പ്രമുഖ ഒാൺലൈൻ പോർട്ടലായ മെഡി–എഞ്ചൽസ് നടത്തിയ സർവേയിലാണ് ലൈംഗിക അസംതൃപ്തിയെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
അഖിലേന്ത്യ ശരാശരിയെക്കാൾ കൂടുതലാണ് കേരളത്തിൽ വിവാഹമോചനങ്ങളുടെ എണ്ണം എന്നതിൽ നിന്നുതന്നെ മെഡി–ഏഞ്ചൽസിന്റെ കണക്കുകളെക്കാൾ കൂടുതലാണ് കേരളത്തിന്റെ അവസ്ഥ എന്നു വ്യക്തം. വിവാഹമോചനങ്ങളെ സംബന്ധിച്ചു സർക്കാർ ഏജൻസികൾ നടത്തിയ പഠനത്തിലും ഇക്കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്.
വഞ്ചകരുടെ എണ്ണം കൂടുന്നു
സർവേ പ്രകാരം ശാരീരികബന്ധത്തിനുവേണ്ടി പരമ്പരാഗത മൂല്യങ്ങളെ തിരസ്കരിച്ചു കൊണ്ടു വേലി ചാടുന്ന സ്ത്രീ പുരുഷന്മാരുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ട്. 23.6 ശതമാനം പുരുഷന്മാർ തങ്ങളുടെ പങ്കാളികളെ വഞ്ചിക്കുമ്പോൾ 17.6 ശതമാനം സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെ കബളിപ്പിക്കുകയും മറ്റു പുരുഷന്മാരോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നതായും മെഡി– ഏഞ്ചൽസ് കണ്ടെത്തി.
പെൺവഴികളും തെറ്റുന്നു
അടുത്തകാലത്ത് ഒരു സിനിമാനടി വിവാഹമോചനം നേടിയപ്പോൾ കേരളത്തിലെ ചെറുപ്പക്കാർക്കത് താങ്ങാനാവാത്ത അത്ഭുതമായി. ‘അവന് ഇത് എന്തിന്റെ കേടാണ്? ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ കെട്ടിയിട്ട്’ എന്നു ചോദിച്ചവരാണു കൂടുതലും. സൗന്ദര്യം മാത്രമല്ലല്ലോ ദാമ്പത്യം എന്നു പറഞ്ഞു ആശ്വാസം കൊണ്ടവരും കുറവല്ല.
മനസു ശരീരവും കാമുകനു കൊടുത്തിട്ട് മറ്റൊരു പുരുഷന്റെ ഭാര്യയായി ജീവിക്കുന്നതിലും ഭേദം വിവാഹമോചനം തന്നെയല്ലേ എന്നു പറഞ്ഞവരായിരുന്നു കൂടുതലും. അതുകൊണ്ടാണ് ആ വിവാഹമോചനവാർത്ത ഇത്രയും പ്രതികരണങ്ങൾ ഉണ്ടാക്കിയത്. ‘സെലിബ്രിറ്റികല്യാണവും അതിനുശേഷം നടക്കുന്ന വിവാഹമോചനവും എല്ലാവരും ശ്രദ്ധിക്കും. എന്നാൽ സെലിബ്രിറ്റികളുടെ ജീവിതത്തിൽ നടക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി പ്രശ്നങ്ങളാണ് സാധാരണക്കാർക്കിടയിൽ നടക്കുന്നത്. അതുപക്ഷേ പുറത്തെങ്ങും അറിയുന്നില്ലെന്നു മാത്രം.’ നെടുമങ്ങാട് കുടുംബകോടതിയിൽ വക്കീലായ അഡ്വ. ഗീനാകുമാരി പറയുന്നു.
വാട്സ്അപ്പും ബുദ്ധിക്കുറവും
വാട്സ്അപ്പ്, ഫെയ്സ്ബുക്ക്, സ്കൈപ്പ്, ഇങ്ങനെ ചില സാധാനങ്ങളുണ്ടെന്നറിയാം. അതിലൂടെ ചാറ്റ് ചെയ്യാമെന്നും പടങ്ങളും വീഡിയോയും അയയ്ക്കാമെന്നുമൊക്കെ അറിയാം. മിസ്ഡ് കോളിലൂടെ പരിചയപ്പെടുന്ന പയ്യന്മാരുമായി ഈ വിഷയങ്ങളൊക്കെ സംസാരിച്ചിട്ടുമുണ്ട്. അങ്ങനെ തുടങ്ങുന്ന ചാറ്റിങ് ചെറിയ ഇടവഴികളിലൂടെ സഞ്ചരിച്ച് അവസാനം ഹിമാലയം കയറിയിട്ടേ അവസാനിക്കൂ.
സംഗതി ഇങ്ങനെയാണെങ്കിലും ഇതിലെ അപകടം ഈ മൊബൈൽ ഉയോഗിക്കുന്ന വ്യക്തിയുെട അറിവില്ലായ്മയാണ്. വാട്സ്അപ്പിൽ വരുന്ന മെസേജുകൾ മായ്ച്ചു കളയാൻ പോലും അറിഞ്ഞുകൂടാ. ഫലമോ, കോടതി തെളിവായി സ്വീകരിക്കുകയും വിവാഹമോചനം അനുവദിക്കുകയും ചെയ്യുന്നു.
‘ഒരുപാടു ഘടകങ്ങൾ ഒന്നിക്കുമ്പോഴാണ് ദാമ്പത്യം പൂർണ്ണമാകുന്നത്. ഇന്നു സമൂഹത്തിൽ ദാമ്പത്യം പകുതി വഴിക്ക് നിലച്ചുപോകുന്നു. ശാരീരികവും മാനസ്സികവും സാമൂഹികവുമായ കാരണങ്ങൾ ഉണ്ടാകാം. എന്നാൽ ഒാരോ വിവാഹമോചനവും ഒാരോ വേദനയാണ്.’ മുൻ ജില്ലാ ജഡ്ജിയായ ജസ്റ്റിസ് സുപ്രഭ അഭിപ്രയപ്പെടുന്നു.
കുറ്റബോധമോ എന്തിന്?
വിവാഹേതരബന്ധങ്ങളിൽ കുറ്റബോധത്തിന്റെ കാര്യമുണ്ടോ? സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ അതിന്റെ കാര്യമില്ലെന്നു പറയുന്നവരാണു മെഡി– ഏഞ്ചൽസിന്റെ സർവേയിൽ പങ്കെടുക്കാത്തവരിൽ കൂടുതൽ പേരും. വിവാഹപൂർവ ബന്ധങ്ങളെയും വിവാഹേതരബന്ധങ്ങളെയും അനുകൂലിക്കുന്നവരുടെ എണ്ണവും കൂടുന്നു.
അകാരണമെന്നു പ്രത്യക്ഷത്തിൽ തോന്നുന്ന പല വിവാഹമോചനക്കേസുകളുടെയും പിന്നിൽ ഇത്തരത്തിലുളള അവിഹിതബന്ധങ്ങളാണുളളത്. ഭാര്യയുടെ അവിഹിതം ഭര്‍ത്താവോ ഭർത്താവിന്റെ അവിഹിതം ഭാര്യയോ കണ്ടുപിടിക്കുന്ന സാഹചര്യം ഉണ്ടാവുമ്പോൾ തുടങ്ങുന്ന സ്വരച്ചേർച്ചയില്ലായ്മ കുടുംബകോടതികളിലാണ് അവസാനിക്കുന്നത്.
രതിയുടെ ചൂടില്ലാതെ
മുകളിൽ പറഞ്ഞ അവസ്ഥയ്ക്ക് എന്തു കാരണം? വീട്ടിൽ നല്ല ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് വീടിനു പുറത്തു നിന്ന് ആഹാരം കഴിക്കാൻ നോക്കുന്നത്. അതുപോലെയാണ് രതിയുടെ കാര്യവും. ബന്ധങ്ങളിൽ ഉൗഷ്മളത ഇല്ലാത്തത് രതിയുടെ സാധ്യതകളെ ഇല്ലാതാക്കുകയും ഇതു വിവാഹമോചനത്തിലേക്കുപോവുകയും ചെയ്യുന്നു. എല്ലാം ചടങ്ങുപോലെ എന്നു പറഞ്ഞതു പോലെയാവരുത് രതി. അത് ഏറെ ആഴമുളള ഒരു പ്രതിഭാസമാണ്. ഭാര്യാഭര്‍ത്താക്കന്മാർ തമ്മിലുള്ള ശാരീരികബന്ധം ഇല്ലായ്മ വിവാഹമോചനത്തിനുളള കാരണങ്ങളിൽ ഒന്നായി കോടതി കണക്കാക്കാറുണ്ട്. ലൈംഗികബന്ധങ്ങളും അതുവഴി കിട്ടുന്ന ഭൗതീകവും ആത്മീയവുമായ സുഖവും വ്യക്തിയുടെ മൗലീകമായ അവകാശങ്ങളില്‍പ്പെടുത്തിയാണു കോടതി വിവാഹമോചനം അനുവദിക്കുന്നത്. ഒരാളിന്റെ മൗലീകവകാശം ഇല്ലാതാക്കുന്നത് ക്രൂരതയായാണു കണക്കാക്കുന്നത്. എന്നാൽ വിവാഹമോചനം എളുപ്പത്തിൽ സമ്പാദിക്കാവുന്ന ഒരു ഉപാധിയായി പലരും ലൈംഗികതയെ ദുരുപയോഗം ചെയ്യാറുണ്ട്.
ഭാര്യയിൽ നിന്ന് അല്ലെങ്കിൽ ഭർത്താവിൽ നിന്ന് ലൈംഗിക സംതൃപ്തി കിട്ടില്ലെന്നു കളളം പറയുന്നവരുമുണ്ട്. പിന്നെ എങ്ങനെയാണു നിങ്ങൾക്കു കുട്ടികൾ ഉണ്ടായതെന്നു കോടതി ചോദിക്കുമ്പോൾ അപ്പോഴത്തെ ആവേശത്തിന് എന്ന ഒഴുക്കൻ മട്ടിലുളള മറുപടിയാണു പലരും പറയുന്നത്. ഇത്തരത്തിലുളള പല വാദങ്ങളും അടിസ്ഥാനരഹിതം എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കോടതി പല കേസുകളും ഒത്തുതീർപ്പാക്കുന്നത്.
നിത്യകന്യകകൾ
കേൾക്കുമ്പോൾ അതിശയോക്തി എന്നു തോന്നാം. എന്നാൽ സംഗതി സത്യമാണ്. വിവാഹിതരായ സ്ത്രീകളിൽ ചെറിയ ശതമാനമെങ്കിലും കന്യകകളായി തുടരുന്നു കേരളത്തിൽ. അവരിൽ പലരും മരണംവരെ അങ്ങനെ തുടരുകയും ചെയ്യും. ഇതൊരു പുതിയ അറിവല്ല. ഭർത്താക്കന്മാരുടെ സ്വവർഗരതിബോധം വരെ അതിനു കാരണമാണ്. എന്നാൽ ഒട്ടുമിക്ക സ്ത്രീകളും ഈ വിവരം പുറത്തുപറയാതെ പുറമേ സന്തോഷം നടിച്ചു ജീവിക്കുന്നു. അങ്ങനെ കന്യകകളായി മരിച്ചുപോയവർ എത്ര?
എന്നാൽ സ്ത്രീകളുടെ മനോഭാവത്തിൽ ഉണ്ടായ മാറ്റം ഈ അവസ്ഥയിലും പ്രകടമാണ്. പണ്ടത്തെപ്പോലെ എല്ലാം സഹിച്ച് കുടുംബത്തിനുവേണ്ടി ഒതുങ്ങിക്കൂടാൻ അവർ തയാറല്ല. മജ്ജയും മാംസവും ദാഹിക്കുമ്പോൾ അതു വിധിയാണെന്നു കരുതി കമിഴ്ന്നു കിടക്കാനും അവർ തയ്യാറല്ല. ഒന്നുകിൽ വിവാഹമോചനം എന്ന ശാശ്വതമായ പരിഹാരം അല്ലെങ്കിൽ അധാർമികതയിലേക്കുളള ഒളിച്ചോട്ടം രണ്ടും സംഭവിക്കാം. എങ്കിലും പുതിയൊരു ജീവിതത്തിനാണു അവർ പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ടാണു വിവാഹമോചനത്തിനു ശ്രമിക്കുന്നതും.
ഇതു സ്ത്രീകൾ അനുഭവിക്കുന്ന പീഡനമാണെങ്കിൽ വേറൊരു രീതിയിൽ പുരുഷന്മാർ അനുഭവിക്കുന്ന പീഡനമുണ്ട്. പുരുഷന്മാരുടേതിനു സമാനമായ സ്വഭാവവൈകല്യങ്ങൾ ഇവിടെ സ്ത്രീകൾ പ്രകടമാക്കുന്നു. സ്വവർഗാനുരാഗം, ലൈംഗികവിരക്തി, കുട്ടിക്കാലത്തുണ്ടാകുന്ന ലൈംഗികാനുഭവങ്ങൾ മൂലമുളള വ്യക്തിവൈകല്യം, ഇപ്പോൾ സൈബർ സെക്സിനോടുളള അഡിക്ഷൻ തുടങ്ങി വിശകലനം ചെയ്യപ്പെടാവുന്നതും അല്ലാത്തതുമായ ഒട്ടേറെ കാരണങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാം. ചുരുക്കത്തിൽ വിവാഹത്തിനു ശേഷം കന്യകയായും കന്യകനായും ജീവിക്കുന്നവരുടെ നാടു കൂടിയാണ് നമ്മുടെ കൊച്ചുകേരളം.
ഞാനിതെങ്ങനെ സഹിക്കും?
സാർ ദിവസം മൂന്നു നേരം ഞാൻ അദ്ദേഹത്തിനു വഴങ്ങിക്കൊടുക്കാം. അതിൽ കൂടുതലായാൽ ഞാനെങ്ങനെ സഹിക്കും? ഒരു ഭാര്യയുടെ സങ്കടമാണ്. ഏതെങ്കിലും ആഫ്രിക്കൻ രാജ്യത്തുനിന്നാണ് ഈ പരാതിയെന്ന് കരുതുന്നതെങ്കിൽ തെറ്റി. കേരളത്തിലെ ഒരു കുടുംബകോടതിയിൽ സഹികെട്ട ഭാര്യ പറഞ്ഞുപോയതാണ്. അമിത ലൈംഗികതയിൽ പൊറുതിമുട്ടുന്ന ഭാര്യമാർ കുറവല്ല. ഒന്നുകിൽ നിശബ്ദം സഹിക്കുക. അല്ലെങ്കിൽ വിവാഹമോചനം നേടി രക്ഷപെടുക. അതുമാത്രമാണ് ചെയ്യാവുന്നത്.
ഭർത്താവിന്റെ അമിതലൈംഗികതയിൽ മനം മടുത്ത് കോടതിയിലെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും ഭാര്യയ്ക്ക് അമിതലൈംഗികപ്രശ്നമുണ്ടെന്ന പേരിൽ ഒരു ഭർത്താവും ഇതുവരെ കോടതിയിൽ എത്തിയിട്ടില്ലയെന്നതും ശ്രദ്ധിക്കേണ്ടതാണ്.
അമിതലൈംഗികതയെക്കാൾ ക്രൂരവും രോഗാതുരവുമാണ് ചിലരുടെ രതിവൈകൃതങ്ങൾ. ഇതിന് ഇരകളാവുന്നത് ഭാര്യമാരാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സ്വന്തം സുഖത്തിനു വേണ്ടി പങ്കാളിയെ ഏതറ്റം വരെയും വേദനിപ്പിക്കുകയും ആ വേദനയിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന സാഡിസ്റ്റുകളും കുറവല്ല. ഇതിനെ മാനസികരോഗമായി പരിഗണിച്ച് ഇത്തരക്കാരിൽ നിന്ന് പാവം ഭാര്യമാരെ എത്രയും വേഗം രക്ഷപെടുത്താൻ കോടതികൾ ശ്രമിക്കാറുണ്ട്.
തുറന്നു പറയുന്നത്
വിവാഹമോചനക്കാര്യത്തിൽ ലൈംഗികത പ്രധാന വിഷയമാകുന്നതിനു പ്രാദേശിക വ്യതിയാനങ്ങളുണ്ട്. കേരളത്തിൽ കൊച്ചി പോലെയുളള നഗരങ്ങളിലെ കുടുംബകോടതികൾക്കു മുമ്പിൽ വരുന്ന കേസുകളിൽ ലൈംഗിക അസംതൃപ്തി ഒരു പ്രധാന കാരണമായി പറയുന്നുണ്ട്. എന്നാൽ നെടുമങ്ങാട് പോലെയുളള ഉൾപ്രദേശങ്ങളിൽ നിന്നു വരുന്ന കേസുകളിൽ നിരന്തരമായ കൗൺസിലിങ്ങിലൂടെ മാത്രമേ വിവാഹമോചനം ആവശ്യപ്പെടുന്നതിന്റെ യഥാർത്ഥ കാരണം ലൈംഗികതയുമായി ബന്ധപ്പെട്ടതാണെന്നു ബോധ്യമാവൂ.
നേരത്തെ സൂചിപ്പിച്ചതുപോലെ മെഡി–ഏഞ്ചൽസിന്റെ സർവേ പ്രകാരം ഏറെക്കുറെ എട്ടു ശതമാനത്തോളം സ്ത്രീകൾ നിർബന്ധിത ലൈംഗികതയ്ക്ക് വഴങ്ങേണ്ടി വരുന്നുണ്ട്. ശാരീരികമായും മാനസികമായും പ്രതികൂലാവസ്ഥയിൽ നിൽക്കുമ്പോഴാണ് പലരും ബന്ധപ്പെടലിന് നിർബന്ധിക്കപ്പെടുന്നത്. ഇത് സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിന് തുല്യമായാണ് കരുതപ്പെടുന്നത്.
സംതൃപ്തരാണോ നിങ്ങൾ?
നല്ല ദാമ്പത്യത്തിൽ പോലും സംതൃപ്ത ലൈംഗികത സ്ത്രീയെ സംബന്ധിച്ച് അപ്രാപ്യമാണ് ഇന്നും. വിശപ്പുളളപ്പോൾ ആഹാരം ആഗ്രഹിക്കുന്നതുപോലെയും ദാഹമുളളപ്പോൾ വെളളം കുടിക്കണം എന്നു തോന്നുന്നതുപോലെയുമാണ് വേണ്ട സമയത്ത് വേണ്ട രീതിയിൽ വേണ്ടതുപോലെ സ്ത്രീപുരുഷന്മാർ ലൈംഗികത ആഗ്രഹിക്കുന്നത്. എന്നാൽ സംസ്കാര സമ്പന്നമായ കേരളത്തിൽ പോലും ലൈംഗിക സംതൃപ്തിയുടെ കാര്യത്തിൽ ഇപ്പോഴും വിവേചനം നിലനിൽക്കുന്നു. പഠനങ്ങൾ പറയുന്നത് 60 ശതമാനത്തോളം സ്ത്രീകൾ ലൈംഗികഅസംതൃപ്തി അനുഭവിക്കുന്നു എന്നാണ്. അതേ സമയം 90 ശതമാനം പുരുഷന്മാരും നിർബന്ധപൂർവം ലൈംഗികസംതൃപ്തി നേടിയതിനുശേഷമേ കിടക്കവിട്ട് എണീക്കാറുളളൂ.
ലൈംഗികതയ്ക്കിടയിൽ സംഭവിക്കുന്ന പാളംതെറ്റൽ ഒരു പരിധിവരെ വിവാഹമോചനക്കേസുകൾക്കും കാരണമാകുന്നു. ഇതിൽ പുരുഷന്റെ പരസ്ത്രീഗമനം ഉൾപ്പെടെയുളള മറ്റു താൽപര്യങ്ങളും ഉൾപ്പെടുന്നു. മുമ്പ് പെൺകുട്ടികൾക്ക് ലൈംഗികതയെ സംബന്ധിച്ച അറിവുകൾ കിട്ടാനുളള സാഹചര്യങ്ങൾ വളരെ കുറവായിരുന്നു. ഇന്ന് ഈ അവസ്ഥ മാറിമറിഞ്ഞു. സഹപ്രായക്കാരിൽ നിന്നും ഇന്റർനെറ്റിൽ നിന്നുമൊക്കെ ഈ വിഷയത്തിൽ ഡോക്ടറേറ്റ് എടുത്തതിനു ശേഷമാണ് പെൺകുട്ടികൾ കതിർമണ്ഡപത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്.
ലൈംഗികതയെ സംബന്ധിച്ച അറിവുകൾ ഇന്നു സ്ത്രീക്കും പുരുഷനും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ തൃപ്തിയുടെ കൊടുമുടി ഏതെന്ന് സ്ത്രീക്ക് വ്യക്തമായി അറിയാം. ദാമ്പത്യത്തിൽ പലപ്പോഴും അവിടെ എത്താൻ കഴിയാതെ ഇടയ്ക്ക് യാത്ര മുടങ്ങുന്നതുകൊണ്ട് ഉണ്ടാകുന്ന അസംതൃപ്തിയാണ് പലപ്പോഴും ഒളിച്ചോട്ടത്തിന് കാരണമാകുന്നത്. സ്വന്തം കാര്യം മാത്രം നോക്കുന്ന പുരുഷൻ പിന്നീട് കുടുംബകോടതിയിൽ എത്താനുളള സാധ്യത വളരെ കൂടുതലാണ്. ഇതൊരു മുന്നറിയിപ്പായി കാണുക.
ദമ്പത്യമെന്ന പക്ഷിയുടെ ചിറകുകളിൽ ഒന്നാണ് നല്ല ലൈംഗികത എന്ന് വിശേഷിപ്പിച്ചത് മനഃശാസ്ത്രജ്ഞനായ ഫ്രോയ്ഡാണ്. നമ്മുടെ കുടുംബകോടതികളിലെത്തുന്ന വിവാഹമോചനക്കേസുകളുടെ എണ്ണം വർധിക്കുന്നത് ഈ പക്ഷിയുടെ ചിറകു പ്രവർത്തിപ്പിക്കാത്തതുകൊണ്ടാണ്. അതുകൊണ്ട് രണ്ടു ചിറകും വിടർത്തി ആകാശത്തേക്കു പറക്കുക.
ലൈംഗികത കാരണമാകുന്നതിനു പിന്നിൽ
1. കുട്ടിക്കാലത്തു ലൈംഗികചൂഷണത്തിന് ഇരയായവര്‍
2. സൈബർ സെക്സിൽ അഭിരമിക്കുന്നവർ യഥാർഥ സെക്സിനുനേരെ മുഖം തിരിക്കും. ഇതു കുടുംബപ്രശ്നങ്ങൾ ഉണ്ടാകും.
3. കൗമാരത്തിൽ ഉണ്ടാകുന്ന ലൈംഗികാനുഭവങ്ങൾ വിവാഹാനന്തരമുളള യഥാർഥ ലൈംഗികതയെ തെറ്റായി സ്വാധീനിക്കാം.
4. ലൈംഗികകാര്യങ്ങളിലുളള ആൺകോയ്മ ഒരു പരിധി വരെ പ്രശ്നങ്ങൾ വഷളാക്കുന്നു. പുരുഷന് എന്തും ആകാം. എന്നാൽ സ്ത്രീ കന്യകയായിരിക്കണം എന്ന നിർബന്ധം പ്രശ്നങ്ങൾ രൂക്ഷമാക്കും.
5. സന്തുഷ്ട ദാമ്പത്യം ഇല്ലെങ്കിലും ജീവിതത്തിൽ ആസ്വാദനത്തിനു വേറെ മാർഗങ്ങൾ ഉണ്ട് എന്ന ചിന്ത ദമ്പതികളെ തമ്മിൽ അകറ്റുന്നു.
6. മറ്റാരെയോ പ്രണയിച്ചുകൊണ്ടാണ് പല പെൺകുട്ടികളും പുതുജീവിതത്തിലേക്കു വരുന്നത്. സങ്കല്പത്തിൽ ഒരാളും യഥാർഥ ജീവിതത്തിൽ മറ്റൊരാളും എന്നതു ലൈംഗികജീവിതത്തെ വിരക്തമാക്കും.
7. ഒറ്റ കുട്ടി ആണായാലും പെണ്ണായാലും ദാമ്പത്യജീവിതത്തിലേക്കു കടക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ലൈംഗികസംബന്ധിയായ കാര്യങ്ങളിൽ പ്രത്യേകിച്ചും.