പനാമ കനാലിലൂടെയുള്ള ചരക്ക് നീക്കത്തില്‍ ന്യായനിരക്ക് ഇടാക്കിയില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചരക്കുനീക്കത്തിന് പാനമ സര്‍ക്കാര്‍ വന്‍നിരക്ക് ഈടാക്കുകയാണെന്ന് അദേഹം പറഞ്ഞു. ന്യായമായ നിരക്കില്‍ കൈകാര്യം ചെയ്യാനാകുന്നില്ലെങ്കില്‍ കനാല്‍ സഖ്യകക്ഷികൂടിയായ യു.എസിന് കൈമാറേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. തെറ്റായ കൈകളില്‍ കനാലിനെ എത്തിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും കനാല്‍, ചൈന കൈകാര്യം ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കി. പാനമ ഈടാക്കുന്ന ഫീസ് തികച്ചും പരിഹാസ്യമാണ്, പ്രത്യേകിച്ചും പാനമയ്ക്ക് യുഎസ് നല്കിയ ഔദാര്യം കണക്കിലെടുത്താല്‍. കപ്പലുകള്‍ക്ക് അന്യായനിരക്ക് ഏര്‍പ്പെടുത്തുന്ന നടപടി ഉടന്‍ അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ പാനമ കനാലിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കും. കനാലിന്റെ അധികാരം തെറ്റായ കരങ്ങളിലേക്ക് എത്താന്‍ യുഎസ് അനുവദിക്കില്ലന്ന് ട്രംപ് പറഞ്ഞു.
കനാലിലൂടെ പോകുന്നതിന് യുഎസ് കപ്പലുകള്‍ക്ക് പാനമ അന്യായനിരക്ക് ചുമത്തിയിരുന്നു. ഇതോടെയാണ് സഖ്യരാജ്യമായ പാനമയ്ക്കു ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. പസഫിക് അറ്റ്ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ തിരക്കേറിയ കപ്പല്‍ പാതയാണ് മധ്യ അമേരിക്കന്‍ രാജ്യമായ പാനമയിലെ ഈ കനാല്‍. രാജ്യാന്തര കപ്പല്‍ ഗതാഗതത്തിന്റെ 5 ശതമാനവും പാനമ കനാല്‍ വഴിയാണ്.
പാനമ കനാല്‍ നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിച്ചത് യു.എസാണ്. അതിനുചുറ്റുമുള്ള പ്രദേശം പതിറ്റാണ്ടുകളോളം നിയന്ത്രിച്ചിരുന്നതും യു.എസാണ്. 1977-ല്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഒപ്പുവച്ച കരാറിലൂടെ കനാലിന്റെ നിയന്ത്രണം പാനമയ്ക്കു നല്‍കുകയായിരുന്നു1999-ലാണ് പാനമയ്ക്ക് കനാലിന്റെ സമ്പൂര്‍ണാധികാരം യു.എസ്. കൈമാറിയത്.