
സൊമാലിയയിലെ ഇസ്ലാമിക്ക് സ്‌റ്റേറ്റ് കേന്ദ്രങ്ങള്‍ ആക്രമിച്ച് അമേരിക്കന്‍ സൈന്യം. ഗുഹകളില്‍ ഒളിച്ചിരുന്ന ഭീകരര്‍ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും വലിയ ഭീഷണി ഉയര്‍ത്തിയിരുന്നെന്നും
പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു. വടക്കന്‍ സൊമാലിയയിലെ ഗോലിസ് മലനിരകളിലാണ് ആക്രമണം നടത്തിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു.
ആക്രമണത്തില്‍ നിരവധി ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ആക്രമണവിവരം അമേരിക്ക സൊമാലിയന്‍ പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മുഹമ്മദിനെ മുന്‍കൂട്ടി അറിയിച്ചിരുന്നു. ഐഎസിന്റെ ഉന്നതനേതാക്കളെ വ്യോമാക്രമണത്തിലൂടെ ഇല്ലാതാക്കിയതിന് അന്താരാഷ്ട്ര സുഹൃത്തുക്കള്‍ക്ക് നന്ദി പറയുന്നതായി സൊമാലിയയിലെ പുന്റ്ലാന്‍ഡ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
2015ലാണ് ഐഎസിന്റെ സൊമാലിയ ഘടകം രൂപീകരിക്കുന്നത്. ഗ്രാമീണജനങ്ങളെ കൊള്ളയടിച്ചും നിരന്തര ആക്രമണം നടത്തിയും സൊമാലിയന്‍ സര്‍ക്കാരിന് വലിയ ഭീഷണിയാണ് ഐഎസ് ഭീകരര്‍ സൃഷ്ടിച്ചുകൊണ്ടിരുന്നത്. അമേരിക്കയുടെ ആക്രമണത്തില്‍ ഭീകരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.