മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന മകളെ പ്രഷര്‍ കുക്കര്‍ കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ പിതാവ് പിടിയില്‍. ഗുജറാത്ത് സൂറത്ത് ചൗക് ബസാറിലാണ് സംഭവം നടന്നത്. വീട്ടുജോലി ചെയ്യാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന മകളെ പിതാവ് പ്രഷര്‍ കുക്കറിന് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
18കാരിയായ ഹെതാലിയാണ് പിതാവ് മുകേഷ് പര്‍മറുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൃത്യം നടക്കുന്ന സമയം പിതാവും കൊല്ലപ്പെട്ട പെണ്‍കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അസുഖ ബാധിതനായ പിതാവ് പെണ്‍കുട്ടിയോട് വീട്ടുജോലികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഈ സമയം പെണ്‍കുട്ടിയുടെ മാതാവ് ജോലിയ്ക്ക് പോയിരുന്നു. എന്നാല്‍ പിതാവ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി വീട്ടുജോലികള്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല. ഇതോടെ പ്രകോപിതനായ പ്രതി പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. ജോലി കഴിഞ്ഞെത്തിയ മാതാവ് മകളെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മാതാവ് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.