ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയിലെ സ്‌കൂളുകള്‍ക്കും ഐടി കമ്പനികള്‍ക്കും അവധി; രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം റദ്ദാക്കി

ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയിലെ സ്‌കൂളുകള്‍ക്കും ഐടി കമ്പനികള്‍ക്കും അവധി; രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം റദ്ദാക്കി

ന്യൂനമര്‍ദം ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് ചെന്നൈ അടക്കം ആറു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
സ്‌പെഷല്‍ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നും ഐടി കമ്ബനി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, മുന്നറിയിപ്പിനെത്തുടര്‍ന്ന് തമിഴ്നാട്ടിലേക്കുള്ള രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം മാറ്റിവച്ചു. തമിഴ്നാട് കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് രാഷ്ട്രപതി പങ്കെടുക്കേണ്ടിയിരുന്നത്.

90 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴയുടെ സാഹചര്യത്തിനനുസരിച്ച് കളക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അവധി സംബന്ധിച്ച തീരുമാനം എടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യൂനമര്‍ദം അടുത്ത മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം കാരൈയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കരയില്‍ പ്രവേശിക്കാനും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തും മഴ കനക്കുന്നത്.

മറ്റെന്നാള്‍ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മറ്റെന്നാള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ശബരിമലയിലെ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇന്ന് സന്നിധാനത്തും പമ്ബയിലും നിലയ്ക്കലിലും ആകാശം പൊതുവേ മേഘാവൃതമായിരിക്കും. ഒന്നോ രണ്ടോ തവണ നേരിയ മഴയ്ക്കോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യതയുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *