റെഡ് ബോൾ ക്രിക്കറ്റിലെ പ്രകടനം മെച്ചപ്പെടുത്താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഇന്ത്യൻ താരങ്ങളോട് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ആവശ്യപ്പെട്ടിരുന്നു. 2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയ ഇന്ത്യയെ 3-1 ന് പരാജയപ്പെടുത്തിയതിന് ശേഷം അദ്ദേഹം തന്റെ അഭിപ്രായം അറിയിക്കുക ആയിരുന്നു. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ശുഭ്മാൻ, ഋഷഭ് പന്ത് എന്നിവർ എല്ലാം പരാജയമായി. നിതീഷ് കുമാർ റെഡ്ഡി, കെഎൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ എന്നിവർ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചെങ്കിലും അവർ സ്ഥിരത നിലനിർത്തിയില്ല.
രഞ്ജി ട്രോഫിയുടെ പ്രാധാന്യം നന്നായി അറിയാവുന്ന ഗംഭീർ താരങ്ങളോട് അത് കളിക്കാൻ ആവശ്യപ്പെട്ടെങ്കിലും താരങ്ങളിൽ ആരും താത്പര്യം കാണിച്ചില്ല. ഇപ്പോൾ ഉള്ള താരങ്ങൾ ആരും തന്നെ ആഭ്യന്തര മത്സരങ്ങൾ ഒന്നും കളിക്കാൻ താത്പര്യം കാണിക്കാത്തവർ ആണെന്ന് നേരത്തെ സുനിൽ ഗവാസ്‌ക്കർ പറഞ്ഞിരുന്നു.
എന്നാൽ, ഗംഭീറിൻ്റെ അഭ്യർത്ഥനയ്ക്ക് നിതീഷ് കുമാർ റെഡ്ഡി പ്രാധാന്യം നൽകിയിരിക്കുകയാണ് ഇപ്പോൾ. രഞ്ജി ട്രോഫിയുടെ രണ്ടാം ഘട്ടത്തിൽ അദ്ദേഹം കളത്തിൽ ഇറങ്ങിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഓൾറൗണ്ടർ ആന്ധ്രാപ്രദേശിനെ പ്രതിനിധീകരിക്കും. ബോക്‌സിംഗ് ഡേ ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയ അദ്ദേഹം അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ എല്ലാവരേയും ആകർഷിച്ചു.
ഈ പരമ്പരയിൽ മികവ് കാണിക്കുന്നതിൽ പരാജയപ്പെട്ട പ്രമുഖ താരങ്ങൾ രഞ്ജി കളിക്കാൻ വിസമ്മതിക്കുമ്പോൾ നിതീഷ് കാണിക്കുന്ന രീതി ശരി ആണെന്നാണ് ആരാധകർ പറയുന്നത്.