ഇതിൽപ്പരം ഒരു നാണക്കേട് ഇന്ത്യൻ ടീമിന് ഇനി കിട്ടാനില്ല. ബംഗ്ലാദേശിനെതിരായ വമ്പൻ ടെസ്റ്റ് വിജയത്തിന്റെ സന്തോഷത്തിൽ കിവീസിനെതിരെ ബാംഗ്ലൂരിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഇറങ്ങിയ ഇന്ത്യക്ക് വമ്പൻ നാണക്കേട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹിത്തിന്റെ തീരുമാനം മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ പാളി പോയെന്ന് തുടക്കം തന്നെ വ്യക്തമായിരുന്നു.
കിവി ബോളർമാർ സാഹചര്യം നന്നായി മുതലെടുത്ത് പന്തെറിഞ്ഞപ്പോൾ 2 റൺ എടുത്ത രോഹിത്തിന്റെ വിക്കറ്റാണ് നഷ്ടമായത്. തൊട്ടുപിന്നാലെ 8 വർഷത്തിന് ശേഷം മൂന്നാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയ കോഹ്‌ലി റൺ ഒന്നും എടുക്കാതെ മടങ്ങിയപ്പോൾ സർഫ്രാസും പൂജ്യനായി തന്നെ മടങ്ങി. ശേഷം ജയ്‌സ്വാളും പന്തും ചേർന്ന് ഇന്ത്യയെ രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും 13 റൺ എടുത്ത് ജയ്‌സ്വാൾ മടങ്ങിയതോടെയാ പ്രതീക്ഷയും പോയി.
തൊട്ടുപിന്നാലെ ക്രീസിൽ എത്തിയ രാഹുലും അതിന് ശേഷം എത്തിയ ജഡേജയും പൂജ്യനായി മടങ്ങി. ലഞ്ച് ബ്രേക്ക് ഇടവേളക്ക് ശേഷമെത്തിയപ്പോൾ ആദ്യ പന്തിൽ തന്നെ അശ്വിനും പൂജ്യനായി മടങ്ങി. ഇതോടെ പൂജ്യനായി മടങ്ങുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റർ ആയി താരം മാറി. 20 റൺ എടുത്ത പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സൂപ്പർ താരം ജസ്പ്രീത് ബുംറ 1 റൺ എടുത്താണ് പുറത്തായിരിക്കുന്നത്.
കിവീസിനായി ഹെൻറി, വില്യം ഒരൂർക്കെ എന്നിവർ 4 വിക്കറ്റ് നേടി തിളങ്ങിയപ്പോൾ സൗത്തി ഒരു വിക്കറ്റും നേടി.