
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ നാട്ടിൽ നടക്കുന്ന ടി 20 പരമ്പരകളിൽ പുലർത്തുന്ന ആധിപത്യം ഇന്നലത്തെ വിജയത്തോടെ തുടർന്നു. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 15 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. 53 റൺസ് വീതം നേടിയ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് 19.4 ഓവറിൽ 166 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ ഹർഷിത് റാണ, രവി ബിഷ്‌ണോയ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഇതിൽ ഹർഷിത് കണ്‍കഷന്‍ സബ്ബായിട്ടാണ് ടീമിലെത്തിയത്. ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യൻ താരം ശിവം ദുബൈക്ക് തലക്ക് പരിക്ക് പറ്റിയിരുന്നു.
പരിക്ക് സാരമുള്ളത് അല്ലെങ്കിൽ പോലും റിസ്ക്ക് ഒഴിവാക്കാനാണ് ഇന്ത്യ സബ് ഉപയോഗിച്ചത്. ഒരു ഓൾ റൗണ്ടർക്ക് പകരം എങ്ങനെ ഒരു ബോളർ സബ് ഇറങ്ങാൻ എത്തി എന്ന ചോദ്യം ആണ് ഇവിടെ നിലനിൽകുന്നത്. ഏകദേശം 150 കിലോമീറ്റർ സ്പീഡിൽ പന്തെറിയുന്ന ഹർഷിത് ബാറ്റുകൊണ്ട് അത്ര മികച്ച രീതിയിൽ സംഭാവന ചെയ്യുന്ന ആൾ അല്ല. പിന്നെ എങ്ങനെയാണ് ഇങ്ങനെ ഒരു സബ് ഇറങ്ങിയത് എന്നും ഇന്ത്യ ഇതിൽ ചതി കാണിച്ചോ എന്നുമുള്ള സംശയങ്ങൾ നിലനിൽക്കുകയാണ്. 19 . 5 ഓവറിൽ ആയിരുന്നു ദുബൈക്ക് തലക്ക് പരിക്ക് പറ്റിയത്. ശേഷമുള്ള ഒരു പന്തിൽ സിംഗിൾ എടുത്ത ശേഷം തിരികെ ഡ്രസിങ് റൂമിൽ എത്തിയ ദുബൈ പിന്നെ മടങ്ങി എത്തിയില്ല.
നിയമം ഇങ്ങനെ
കൺകഷൻ സബ്‌സ്റ്റിറ്റിയൂട്ട് നിയമപ്രകാരം പരിക്കേറ്റ ഒരു താരത്തിന് പകരക്കാരനായി കളിക്കേണ്ടത് അതേ മികവുള്ള താരത്തെയാണ്. ഓൾറൗണ്ടർക്ക് പരിക്കേറ്റാൽ ഓൾറൗണ്ടറെ തന്നെ പകരക്കാരനായി കളിപ്പിക്കണം. ദുബെക്ക് പരിക്കേൽക്കുമ്പോൾ ഇന്ത്യൻ ടീമിൽ പകരക്കാരനായി കളിപ്പിക്കേണ്ടത് അതേ മികവുള്ള ഓൾറൗണ്ടറെയാണ്. ഹർഷിത് റാണ ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്യാൻ കഴിവുള്ള താരമാണ്. എന്നാൽ ഓൾറൗണ്ടറാണെന്ന് പറയാനാവില്ല. അവിടെ രാമൻദീപ് സിംഗ് പകരക്കാരുടെ ബഞ്ചിൽ ഉള്ളപ്പോൾ എങ്ങനെയാണ് ഹർഷിത് എത്തിയത് എന്നാണ് ക്രിക്കറ്റ് വിദഗ്ധരിൽ ചിലർ ചോദിക്കുന്നത്.
ഐസിസി റൂളിൻ്റെ ക്ലോസ് 1.2.7.3.4 പറയുന്നത്, പകരക്കാരനായ കളിക്കാരൻ പരിക്കേറ്റ കളിക്കാരന് സമാനമായ മികവുള്ള ആളായിരിക്കണം എന്നാണ്. ഹർഷിത് മൂന്ന് വിക്കറ്റ് എടുത്ത സാഹചര്യത്തിൽ ശിവം ദുബെയെപ്പോലുള്ള ബാറ്റിംഗ് ഓൾറൗണ്ടർക്ക് പകരക്കാരൻ രമൺദീപ് സിംഗ് ആണെന്നാണ് താൻ കരുതുന്നതെന്ന് ഹർഷ ഭോഗ്ലെ പറഞ്ഞു.
2020-ൽ, ഓസ്‌ട്രേലിയയ്‌ക്കെതിരായ മറ്റൊരു ടി20 ഐ മത്സരത്തിൽ ഇന്ത്യ ഇതുപോലെ ഒരു വിവാദം സൃഷ്ടിച്ചിരുന്നു – 3 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഐയിൽ യുസ്‌വേന്ദ്ര ചാഹലിനെ കൺകഷൻ പകരക്കാരനായി ഇറക്കിയായിരുന്നു അത്. അന്ന് ജഡേജക്ക് തലക്ക് പരിക്ക് പറ്റിയ സാഹചര്യത്തിലാണ് ചഹാൽ ഇറങ്ങിയത്. താരം മൂന്ന് വിക്കറ്റുകൾ നേടി ഓസ്‌ട്രേലിയയെ പരാജയത്തിലേക്ക് തള്ളിയിട്ടതോടെ ഓസ്‌ട്രേലിയൻ പരിശീലകൻ ആയിരുന്ന ജസ്റ്റിൻ ലാംഗർ അടക്കം രൂക്ഷ വിമർശനം നടത്തിയിരുന്നു.