അയാളെ കണ്ടാല്‍ ഏത് ബാറ്ററും ഒന്ന് വിറയ്ക്കും, തെറ്റായ ഷോട്ടുകള്‍ കളിക്കും; എതിരാളികളുടെ ലക്ഷ്യം തെറ്റിക്കുന്ന ഇന്ത്യയുടെ സില്‍വിയോ

അയാളെ കണ്ടാല്‍ ഏത് ബാറ്ററും ഒന്ന് വിറയ്ക്കും, തെറ്റായ ഷോട്ടുകള്‍ കളിക്കും; എതിരാളികളുടെ ലക്ഷ്യം തെറ്റിക്കുന്ന ഇന്ത്യയുടെ സില്‍വിയോ

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്റെ നാലാമത്തെ ദിവസമാണ്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയന്‍ ടീമിന് 17 റണ്‍സ് എടുത്തപ്പോഴേയ്ക്കും നാല് വിക്കറ്റുകള്‍ കൈമോശം വന്നുകഴിഞ്ഞിരുന്നു. ട്രാവിസ് ഹെഡ് ഹര്‍ഷിത് റാണയ്‌ക്കെതിരെ ഒരു ബൗണ്ടറിയടിച്ചു. റാണയുടെ അടുത്ത ഡെലിവെറി ഹെഡിന്റെ ബാറ്റിന്റെ അരികിലൂടെ മൂളിപ്പറന്ന് വിക്കറ്റ് കീപ്പറുടെ ഗ്ലൗസിലെത്തി. ‘ബീറ്റണ്‍’ എന്ന് ക്രിക്കറ്റ് ഭാഷ്യം!

ഹര്‍ഷിത് ഹെഡിനോട് വാക്കുകളാല്‍ എതിരിട്ടു. സ്റ്റംമ്പ് മൈക്കിന് പിടിച്ചെടുക്കാന്‍ സാധിക്കാത്ത വിധം എന്തൊക്കെയോ പറഞ്ഞിട്ട് ഹര്‍ഷിത് തന്റെ ബോളിങ്ങ് മാര്‍ക്കിലേയ്ക്ക് തിരിച്ചുനടന്നു. ഒരിഞ്ച് പോലും വിട്ടുകൊടുക്കാന്‍ ഹെഡ് തയ്യാറായിരുന്നില്ല! അയാള്‍ ഹര്‍ഷിതിനെ പിന്തുടര്‍ന്ന് സ്ലെഡ്ജ് ചെയ്തു!

ആ സമയത്ത് ഓസീസ് അഞ്ഞൂറോളം റണ്ണുകള്‍ക്ക് പുറകിലായിരുന്നു. എന്നിട്ടും ഹെഡ് പോരാട്ടവീര്യത്താല്‍ ജ്വലിക്കുകയായിരുന്നു! അതാണ് ഓസ്‌ട്രേലിയന്‍ ശൈലിയും ലെഗസ്സിയും
വര്‍ദ്ധിതവീര്യത്തോടെ ഹെഡ് ബാറ്റിങ്ങ് തുടര്‍ന്നു. ഒരു സെഞ്ച്വറിയിലേയ്ക്ക് അയാള്‍ അതിവേഗം കുതിക്കുകയായിരുന്നു. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെയും ഏകദിന ലോകകപ്പിന്റെയും ഫൈനലുകളില്‍ ഹെഡ് സമ്മാനിച്ച ദുഃസ്വപ്നങ്ങള്‍ ഇന്ത്യന്‍ ആരാധകരുടെ കണ്‍മുമ്പില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

അപ്പോഴാണ് ഇന്ത്യന്‍ ടീമിന്റെ നായകന്‍ കുക്കാബുര ബോള്‍ വീണ്ടും കൈയ്യിലെടുത്തത്! അയാള്‍ ട്രാവിസിന്റെ ‘ഹെഡ് ‘ അരിഞ്ഞുവീഴ്ത്തി! ഹെഡിന്റെ മുഖത്തുതന്നെ അലറിവിളിച്ചുകൊണ്ട് ആഘോഷം നടത്തി അതായിരുന്നു ജസ്പ്രീത് ബുംറ! പെര്‍ത്ത് സ്റ്റേഡിയത്തിലെ മെമ്പേഴ്‌സ് എന്‍ഡില്‍ ഫാസ്റ്റ് ബോളര്‍മാര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമായിരുന്നു. പക്ഷേ ആ എന്‍ഡ് സിറാജിനും ഹര്‍ഷിതിനും വിട്ടുനല്‍കാന്‍ ബുംറയ്ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല!

യോര്‍ക്കറുകളുടെ തമ്പുരാനാണ് ബുംറ. കംഗാരുപ്പടയുടെ വാലറ്റത്തെ തുടച്ചുനീക്കുന്ന ജോലി അയാള്‍ക്ക് വേണമെങ്കില്‍ സ്വയം ഏറ്റെടുക്കാമായിരുന്നു. പക്ഷേ ആ ചുമതല ബുംറ വാഷിങ്ങ്ടണ്‍ സുന്ദറിനെയും ഹര്‍ഷിത് റാണയേയും ഏല്‍പ്പിച്ചു! അത്രയേറെ നിസ്വാര്‍ത്ഥനായിരുന്നു ബുംറ! 295 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം നേടിയ ഇന്ത്യ ചരിത്രം കുറിച്ചു.

അവസാന വിക്കറ്റ് വീഴ്ത്തുക എന്ന ഗ്ലോറി ഹര്‍ഷിതിന് സ്വന്തമായി. പക്ഷേ ടെലിവിഷന്‍ ക്യാമറകളെല്ലാം ബുംറയെത്തന്നെയാണ് ഫോക്കസ് ചെയ്തത്. അയാള്‍ അത് നൂറുശതമാനം അര്‍ഹിച്ചിരുന്നു. ഈ വിജയം ടീം-വര്‍ക്കിന്റെ ഫലമാണ്. ദേവ്ദത്ത് പടിക്കല്‍ ഒഴികെയുള്ള എല്ലാ കളിക്കാരും അവരുടേതായ സംഭാവനകള്‍ നല്‍കിയ മത്സരം. പക്ഷേ ഇന്ത്യയുടെ ഏറ്റവും വലിയ ഹീറോ ബുംറ തന്നെയായിരുന്നു.

ന്യൂസിലാന്‍ഡിനെതിരെ സ്വന്തം മണ്ണില്‍ വെച്ച് ഇന്ത്യ 3-0 എന്ന മാര്‍ജിനില്‍ ക്ലീന്‍ സ്വീപ് ചെയ്യപ്പെട്ടിരുന്നു. സ്ഥിരം നായകനായ രോഹിത് ശര്‍മ്മ പിതൃത്വ അവധിയിലായിരുന്നു. ശുഭ്മാന്‍ ഗില്ലിന് പരിക്കുമൂലം കളിക്കാന്‍ സാധിക്കുമായിരുന്നില്ല. അത്തരമൊരു പശ്ചാത്തലത്തിലാണ് പെര്‍ത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ വെറും 150 റണ്ണുകള്‍ക്ക് ഓളൗട്ടായത്!

സ്ഥിരം നായകന്‍മാര്‍ പോലും പതറിപ്പോവുന്ന സാഹചര്യം! അപ്പോള്‍ പകരക്കാരന്‍ ക്യാപ്റ്റന്‍ മാത്രമായിരുന്ന ബുംറയുടെ അവസ്ഥ എന്തായിരുന്നിരിക്കും!? പക്ഷേ ബുംറ പകച്ചുനിന്നില്ല. അയാളുടെ തീപ്പന്തുകള്‍ ഓസീസിനെ വട്ടംകറക്കി. ഇന്ത്യ 46 റണ്ണുകളുടെ വിലപ്പെട്ട ലീഡ് നേടി. അഞ്ഞൂറ് റണ്ണുകള്‍ക്ക് മുകളിലുള്ള ടാര്‍ഗറ്റ് ഓസീസിന് മുമ്പില്‍ വെച്ചപ്പോള്‍ തന്നെ ഇന്ത്യയുടെ വിജയം ഉറപ്പായിരുന്നു. പക്ഷേ ബുംറയുടെ കില്ലര്‍ ഇന്‍സ്റ്റിങ്റ്റ് കംഗാരുപ്പടയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കി.

മൂന്നാം ദിവസത്തിന്റെ അവസാന സെഷനില്‍ ഓസീസിന് കുറച്ച് നേരം ബാറ്റ് ചെയ്യേണ്ടിവന്നു. അതുപോലൊരു സാഹചര്യത്തില്‍ ബാറ്റിങ്ങിനിറങ്ങാന്‍ ഒരു ടീമിനും താത്പര്യം ഉണ്ടാവില്ല. മൂന്ന് ഓസ്‌ട്രേലിയന്‍ വിക്കറ്റുകള്‍ മൂന്നാം ദിനം തന്നെ വീഴുകയും ചെയ്തു. അതില്‍ രണ്ടെണ്ണം ബുംറയുടെ വകയായിരുന്നു. അതുകൊണ്ടാണ് നാലാംദിവസം ഇന്ത്യയ്ക്ക് അനായാസം ജയിച്ചുകയറാന്‍ കഴിഞ്ഞത്.
2013-14 കാലഘട്ടത്തിലെ ആഷസ് സീരീസ് വിശ്വവിഖ്യാതമാണ്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര ഓസീസ് തൂത്തുവാരി(5-0). ഇംഗ്ലിഷ് ക്രിക്കറ്റിലെ സൂപ്പര്‍താരമായ കെവിന്‍ പീറ്റേഴ്‌സന്റെ ആത്മകഥയില്‍ ആ സീരീസിനെക്കുറിച്ചുള്ള ഓര്‍മ്മകളുണ്ട്.

ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 136-ന് ഓളൗട്ടായി. മിച്ചല്‍ ജോണ്‍സന്റെ പന്തുകള്‍ ഇംഗ്ലിഷ് ക്യാമ്പില്‍ ഭീതിവിതച്ചു. ആ ഷോക്കില്‍ നിന്ന് പുറത്തുകടക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞതേയില്ല. ഒരു പോരാട്ടം പോലും ഇല്ലാതെ അലിസ്റ്റര്‍ കുക്കും സംഘവും അടിയറവ് പറഞ്ഞു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ രീതി അതാണ്. ചെറിയൊരു പഴുത് കിട്ടിയാല്‍ അവര്‍ എതിരാളികളെ മാനസികമായി തകര്‍ത്തുകളയും!

എന്നാല്‍ ഓസീസിന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ. 150 റണ്‍സിന് ഇന്ത്യയെ ഓളൗട്ടാക്കിയ അവര്‍ വമ്പന്‍ തോല്‍വി വഴങ്ങി! ഓസീസ് ടീമില്‍ ആഭ്യന്തര കലഹങ്ങള്‍ ഉണ്ട് എന്ന സംശയം ആദം ഗില്‍ക്രിസ്റ്റ്, മൈക്കല്‍ വോന്‍ തുടങ്ങിയ മുന്‍കാല താരങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നു! ഇംഗ്ലണ്ടിനെ മാനസിക യുദ്ധത്തില്‍ കീഴടക്കിയ ഓസ്‌ട്രേലിയന്‍ മനസ്സുകളെ ഇന്ത്യ ജയിച്ചടക്കിയിരിക്കുന്നു! ആ മെന്റല്‍ ബാറ്റിലിന്റെ തലപ്പത്ത് ഇരട്ടച്ചങ്കുള്ള ബുംറയും!

അലക്‌സാണ്ടര്‍ പുഷ്‌കിന്റെ ‘ദ ഗണ്‍ഷോട്ട് ‘ എന്ന കഥ ലോകപ്രശസ്തമാണ്. ഷാര്‍പ് ഷൂട്ടറായ സില്‍വിയോ ആണ് അതിലെ നായകന്‍. സില്‍വിയോയ്ക്ക് ഒരിക്കലും ഉന്നം പിഴയ്ക്കില്ല. അയാള്‍ക്കെതിരെ തോക്കെടുത്താല്‍ എതിരാളികള്‍ക്ക് കൈ വിറയ്ക്കും. ലക്ഷ്യം തെറ്റും. ഇന്ത്യയുടെ സില്‍വിയോ ആണ് ബുംറ. അയാളുടെ ഡെലിവെറികള്‍ ടാര്‍ഗറ്റ് വിട്ട് സഞ്ചരിക്കാറില്ല. ബുംറയെക്കണ്ടാല്‍ ഏത് ബാറ്ററും ഒന്ന് വിറയ്ക്കും. തെറ്റായ ഷോട്ടുകള്‍ കളിക്കും. ഇന്ത്യയ്ക്കുനേരെ തിരിച്ചുവെച്ചിരിക്കുന്ന വന്‍പീരങ്കികള്‍ ഗര്‍ജ്ജിക്കാതെയാകും….

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *