![](https://tv21online.com/wp-content/uploads/2025/01/ssi-1200x630.gif-1024x538.webp)
ബോർഡർ ഗവാസ്കർ ട്രോഫിയിലെ തോൽവിക്ക് ശേഷം ടീമിൽ വൻ അഴിച്ച് പണിക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ സിലക്ടർമാർ. എന്നാൽ ഇപ്പോൾ ഇന്ത്യൻ ആരാധകർക്ക് ആശ്വാസമായ വാർത്തയാണ് വന്നിരിക്കുന്നത്. ഇന്ത്യൻ പേസർ മുഹമ്മദ് ഷമി തന്റെ രാജകീയ തിരിച്ച് വരവിന്റെ സിഗ്നൽ നൽകിയിരിക്കുകയാണ്.
ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന സിലക്ഷന് വേണ്ടി താൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ്. താൻ പ്രാക്ടീസ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചായിരുന്നു അദ്ദേഹം അറിയിച്ചത്.
“കൃത്യതയും വേഗതയും അഭിനിവേശവും. ലോകം ഏറ്റെടുക്കാൻ തയ്യാറാണ്,” ‘ടീം ഇന്ത്യ’ എന്ന് ടാഗ് ചെയ്തുകൊണ്ട് ഷമി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അടുത്തയാഴ്ച ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കൃത്യസമയത്താണ് ഷമിയുടെ പോസ്റ്റ് വരുന്നത്. 2023 നവംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഹമ്മദാബാദിൽ നടന്ന ഏകദിനത്തിലാണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഷമിയെ ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത്. ജനുവരി 22 നും ഫെബ്രുവരി 12 നും ഇടയിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കും.
ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പേസ് ആക്രമണത്തിന് ഷമിയുടെ മടങ്ങിവരവ് കരുത്തു പകരുമെന്ന് പ്രതീക്ഷിക്കുന്നു. ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ നടക്കും. എന്നാൽ, അയൽ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര സംഘർഷം കണക്കിലെടുത്ത് ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.