ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) താര ലേലത്തിൽ അടുത്തിടെ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) വാങ്ങിയ ശ്രേയസ് ഗോപാൽ, 2024 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ (എസ്എംഎടി) കാഴ്ചവെച്ചത് തകർപ്പൻ പ്രകടനം. എമറാൾഡ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ബറോഡയ്‌ക്കെതിരെ കർണാടകയ്‌ക്കായി കളത്തിൽ ഇറങ്ങിയ താരം ഹാട്രിക് നേടി ചെന്നൈ സെലക്ഷനെ ന്യായീകരിച്ചു. ബറോഡയുടെ ഇന്നിംഗ്‌സിൻ്റെ പതിനൊന്നാം ഓവറിൽ 37 പന്തിൽ 63 റൺസെടുത്ത ശശാങ്ക് റാവത്തിനെ പുറത്താക്കിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്.
പിന്നീട് അക്കൗണ്ട് തുറക്കാൻ കഴിയാതെ പോയ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയുടെയും ആർസിബിയുടെ ക്രുനാൽ പാണ്ഡ്യയുടെയും വിക്കറ്റ് ഗോപാലിന് ലഭിച്ചു. ടുർണമെന്റ് ചരിത്രത്തിലെ 25-ാം ഹാട്രിക്കായിരുന്നു ഇത്. ടൂർണമെൻ്റിൽ രണ്ട് ഹാട്രിക്കുകൾ നേടുന്ന ആദ്യ ബോളർ എന്ന റെക്കോഡും താരം ഇന്നലെ സ്വന്തമാക്കി. 2019 ൽ ഹരിയാനയ്‌ക്കെതിരായ മത്സരത്തിനിടെ ആദ്യ ഹാട്രിക്ക് നേടിയ താരം അവിടെ നിതിൻ സൈനി, ജയന്ത് യാദവ്, അമിത് മിശ്ര എന്നിവരെയാണ് പുറത്താക്കിയത്.
ആകെ മൊത്തം നോക്കിയാൽ ശ്രേയസിന്റെ കരിയറിലെ മൂന്നാമത്തെ ടി20 ഹാട്രിക്കാണ് ഇത്. രാജസ്ഥാൻ റോയൽസിനായി (ആർആർ) കളിക്കുമ്പോൾ 2019 ൽ ആർസിബിക്ക് എതിരെ താരം ഈ നേട്ടം ആവർത്തിച്ചിട്ടുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ കോഹ്‌ലി, എബി ഡിവില്ലിയേഴ്സ്, മാർക്കസ് സ്റ്റോയിനിസ് എന്നിവരാണ് താരത്തിന് മുന്നിൽ വീണത്.
ടി 20 യിൽ ഏറ്റവും കൂടുതൽ ഹാട്രിക്ക് നേടിയ അമിത് മിശ്രയുടെ റെക്കോർഡിനൊപ്പമാണ് ഇപ്പോൾ ഗോപാൽ. 2008, 2011, 2013 വർഷങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആയിരുന്നു മിശ്രയുടെ നേട്ടം പിറന്നത്. ശ്രേയസ് തന്റെ 49 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 8.11 എന്ന എക്കോണമി റേറ്റിൽ 49 വിക്കറ്റുകൾ നേടിയിട്ടുണ്ട്.