അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും ഒന്നും ഇനി പറ്റില്ല. അനധികൃത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് ഹൈക്കോടതി. ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. വാഹന ഉടമ ഡ്രൈവർ എന്നിവർക്കെതിരെയും നടപടിയുണ്ടാകും.
ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചിന്റേതാണ് നിര്‍ദേശം. ബഹുവര്‍ണ പിക്സല്‍ ലൈറ്റ് നെയിം ബോര്‍ഡുകളും അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം നൽകിയത്. ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കണം. വാഹനത്തിന്റെ ഉടമ, ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിച്ച് പൊതു വാഹനങ്ങളില്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ദൃശ്യങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിക്കുന്നത് വ്യക്തമാണ്.നവ കേരള ബസ് ഉള്‍പ്പെടെ പണിതിറക്കിയ അക്രഡിറ്റഡ് ബോഡി ബില്‍ഡേഴ്‌സിന്റെ വര്‍ക്ക്‌ഷോപ്പിലാണ് നിയമം ലംഘിച്ച് ബസുകള്‍ക്ക് രൂപമാറ്റം വരുത്തിയത് എന്നും ഹൈക്കോടതിയുടെ നിരീക്ഷണം.
താല്‍ക്കാലിക റജിസ്‌ട്രേഷന്‍ നമ്പരുള്ള രണ്ട് ബസുകള്‍ അധിക ലൈറ്റുകളും മറ്റും ഘടിപ്പിച്ച് ഇറക്കിയതും ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചു. ഇത്തരം ലൈറ്റുകൾ ഘടിപ്പിക്കുമ്പോൾ എതിരെ വരുന്ന മറ്റ് വാഹനങ്ങള്‍ക്ക് എങ്ങനെ സഞ്ചരിക്കാനാവുമെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. അതേസമയം ഇക്കാര്യത്തില്‍ മറുപടി നല്‍കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സാവകാശം തേടിയിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.