
തകർപ്പൻ പ്രകടനമാണ് ഇപ്പോൾ അമേരിക്കൻ ലീഗിൽ മെസിയുടെ ഇന്റർ മിയാമി നടത്തികൊണ്ട് ഇരിക്കുന്നത്. ലീഗിലുള്ള 28 ടീമുകളെയും പരാജയപ്പെടുത്തി കൊണ്ട് ആണ് അവർ എംഎൽഎസ് ഷീൽഡ് സ്വന്തമാക്കിയിരിക്കുന്നത്. കളിച്ച 33 മത്സരങ്ങളിൽ നിന്ന് 71 പോയിന്റ് നേടികൊണ്ടാണ് അവർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്റർ മിയാമിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് അവർ കിരീടം നേടുന്നത്.
അടുത്ത മത്സരത്തിൽ കൂടെ വിജയിച്ചാൽ ടീമിനെ കാത്തിരിക്കുന്നത് മറ്റൊരു നേട്ടമാണ്. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കൊണ്ട് എംഎൽഎസ് ഷീൽഡ് സ്വന്തമാക്കിയ റെക്കോഡ് ആണ് അവർ വിജയിച്ചാൽ നേടാൻ പോകുന്നത്. നിലവിലെ റെക്കോഡ് കരസ്ഥമാക്കിയിരിക്കുന്നത് ന്യൂ ഇംഗ്ലണ്ട് റവല്യൂഷൻ ആണ്. അവർ 73 പോയിന്റുകൾ നേടിയാണ് കിരീടം സ്വന്തമാക്കിയത്. ആ റെക്കോർഡിന് തങ്ങൾ പ്രാധാന്യം നൽകുന്നില്ല എന്ന് പറഞ്ഞാൽ അത് നുണയായി മാറും എന്നാണ് ഇന്റർ മയാമി താരമായ ജൂലിയൻ ഗ്രസൽ പറഞ്ഞിട്ടുള്ളത്.
ജൂലിയൻ ഗ്രസൽ പറയുന്നത് ഇങ്ങനെ:
“ആ റെക്കോർഡ് കാര്യമാക്കുന്നില്ല എന്ന് ഞങ്ങൾ ആരെങ്കിലും പറഞ്ഞാൽ അത് ഒരു നുണയായി മാറും. അവസാനത്തെ ഈ മത്സരം ഞങ്ങളുടെ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ടാണ് കളിക്കേണ്ടി വരുന്നത്. അവരുടെ മുമ്പിൽ വച്ചുകൊണ്ട് ഒരു റെക്കോർഡ് കുറിക്കാനുള്ള അവസരമാണ് ഞങ്ങൾക്ക് കൈവന്നിരിക്കുന്നത്. അത് ഞങ്ങൾ മുതലെടുക്കേണ്ടതുണ്ട് ” ജൂലിയൻ ഗ്രസൽ പറഞ്ഞു.
ലീഗിലെ അവസാനത്തെ മത്സരം ന്യൂ ഇംഗ്ലണ്ട് റവല്യൂഷനെതിരെയാണ് നടക്കുന്നത്. മത്സരത്തിൽ വിജയിച്ചാൽ ഇന്റർ മിയമിക്ക് റെക്കോഡ് സ്വന്തമാക്കാൻ സാധിക്കും.