മുഖ്യമന്ത്രി സ്ഥാനം പോയ സ്ഥിതിക്ക് ആഭ്യന്തരം വേണം; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്ന ശിവസേന ഇടയല്‍; ഷിന്‍ഡെയെ പിണക്കാനാകാതെ സമ്മര്‍ദ്ദത്തിന് വശപ്പെടുന്ന ബിജെപി

മുഖ്യമന്ത്രി സ്ഥാനം പോയ സ്ഥിതിക്ക് ആഭ്യന്തരം വേണം; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്ന ശിവസേന ഇടയല്‍; ഷിന്‍ഡെയെ പിണക്കാനാകാതെ സമ്മര്‍ദ്ദത്തിന് വശപ്പെടുന്ന ബിജെപി

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുമ്പോള്‍ മറുപടി പറയാനാവാതെ ഒഴിവാക്കി വിടുന്ന ബിജെപി നടപടി പ്രതിപക്ഷം അടക്കം ഞെട്ടലോടെയാണ് കാണുന്നത്. മോദി- അമിത് ഷാ കാലഘട്ടത്തില്‍ രാജ്യത്ത് ഇത്തരത്തില്‍ പ്രദേശിക പാര്‍ട്ടികളെ മയപ്പെടുത്താനുള്ള ബിജെപി ശ്രമം വളരെ ചുരുക്കം മാത്രമാണ് കാണാന്‍ സാധിക്കുന്നത്. മഹായുതി വന്‍ വിജയം നേടിയിട്ട് ആഴ്ച ഒന്ന് പിന്നിട്ടിട്ടും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാനാകാത്ത വിധത്തില്‍ സമ്മര്‍ദ്ദത്തിലാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തില്‍ വകുപ്പ് വിഭജനത്തിലടക്കം പ്രതിസന്ധി നേരിടുകയാണ് മഹായുതി സഖ്യം. വെള്ളിയാഴ്ച നടക്കേണ്ട മഹായുതി നേതാക്കളുടെ കൂടിക്കാഴ്ച ഒഴിവാക്കി തന്റെ നാടായ സത്താറയിലേക്ക് മുന്‍മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പോയതോടെ മുന്നണിയിലെ പ്രശ്‌നം പരസ്യ ചര്‍ച്ചയായി.

ഇന്ന് ഷിന്‍ഡെ തിരിച്ചെത്തുമെന്ന് ആദ്യം പറഞ്ഞ ശിവസേന സത്താറയില്‍ തുടരുന്ന നേതാവിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ല. ശനിയാഴ്ച മുംബൈയില്‍ മടങ്ങിയെത്തുമെന്ന് കരുതിയിരുന്ന ഷിന്‍ഡെ ശിവസേന പ്രവര്‍ത്തകരുമായും നേതാക്കളുമായും സത്താറയില്‍ കൂടിക്കാഴ്ച നടത്തുകയാണ്. മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കുമെന്ന് ഉറപ്പായതോടെ മഹായുതി സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പ് വേണമെന്ന ആവശ്യമാണ് ശിവസേനയ്ക്കുള്ളത്. ശിവസേന നേതാവ് സഞ്ജയ് സിര്‍സാത്ത് പ്രകടമായി തന്നെ ഈ ആവശ്യവുമായി രംഗത്തെത്തി.

ഇങ്ങനെ പ്രതികരിച്ചാണ് സിര്‍സാത്ത് ശിവസേനയുടെ അവകാശവാദം പ്രകടമായി ആഭ്യന്തരവകുപ്പിന് വേണ്ടി ഉന്നയിച്ചത്. തങ്ങളുടെ ആവശ്യത്തില്‍ ഒരു തെറ്റുമില്ലെന്നും പാര്‍ട്ടിയ്ക്ക് അതിന് അവകാശമുണ്ടെന്നും സിര്‍സാത്ത് പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ബിജെപിയുടെ കടുംപിടുത്തമല്ല ഷിന്‍ഡെയുടെ അസംതൃപ്തിക്കും കാരണമെന്നും ശിവസേനക്കാര്‍ പറഞ്ഞു.

കഴിഞ്ഞ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസായിരുന്നു ആഭ്യന്തരം കൈകാര്യംചെയ്തത്. ഇക്കുറി ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന ഷിന്‍ഡെയ്ക്ക് ആഭ്യന്തരം വേണമെന്നാണ് ആവശ്യം. കഴിഞ്ഞ കുറി ഫയലുകളെല്ലാം ഫഡ്‌നാവിസ് കാണാതെ മുന്നോട്ട് നീങ്ങാറില്ലെന്നും ഷിന്‍ഡെ പേരിന് മാത്രമാണ് മുഖ്യമന്ത്രിയായിരുന്നതെന്നും പരിഹാസം ഉയര്‍ന്നിരുന്നു. പുതിയ സര്‍ക്കാരിലും പ്രധാന വകുപ്പുകള്‍ ബിജെപി കയ്യാളുമെന്ന് ഉറപ്പായതോടെയാണ് പിണങ്ങിയുള്ള ഷിന്‍ഡേയുടെ യാത്ര. ഒപ്പം മുന്നണി മീറ്റിംഗില്‍ നിന്നും വിട്ടുനിന്നാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ധനകാര്യ വകുപ്പിന് വേണ്ടി അജിത് പവാറും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയെ സംബന്ധിച്ച് പ്രധാനപ്പെട്ട വകുപ്പായ നഗരവികസനവും ശിവസേന അവകാശപ്പെടുന്നുണ്ട്. ശിവസേനയെ പിണക്കാതെ കാര്യങ്ങള്‍ കൊണ്ടുപോകാനാണ് ബിജെപി ശ്രമം. നിലവില്‍ അജിത് പവാര്‍ വിഭാഗം ദേവേന്ദ്ര ഫഡ്‌നാവിസിന് പിന്തുണ പ്രഖ്യാപിച്ചത് ശിവസേനയുടെ കടുംപിടുത്തത്തിന് തടസമായി നില്‍ക്കുന്നുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *