ആകെ നാണക്കേടായില്ലേ… തകര്‍ന്നടിഞ്ഞ വിഗ്രഹങ്ങള്‍; മലയാള സിനിമയുടെ പോക്ക് എങ്ങോട്ട്?

ആകെ നാണക്കേടായില്ലേ… തകര്‍ന്നടിഞ്ഞ വിഗ്രഹങ്ങള്‍; മലയാള സിനിമയുടെ പോക്ക് എങ്ങോട്ട്?

മലയാള സിനിമാ ലോകം ഒന്നടങ്കം നാണംകെട്ട വര്‍ഷം കൂടിയാണ് കടന്നു പോകുന്നത്. ഷമിക്കണം, നാണംകെട്ടത് മലയാള സിനിമ അല്ല, സിനിമാപ്രവര്‍ത്തകരില്‍ ചിലരാണ്… ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. സംവിധായകന്‍ രഞ്ജിത്തില്‍ തുടങ്ങി, ഇപ്പോള്‍ സീരിയല്‍-സിനിമാ നടന്‍മാരായ ബിജു സോപാനത്തിലും എസ്പി ശ്രീകുമാറിലും എത്തി നില്‍ക്കുകയാണ് മലയാള സിനിമാ-സീരിയല്‍ രംഗത്തെ ലൈംഗികാതിക്രമങ്ങള്‍. പുറമേ കാണുന്നത് പോലെ സുന്ദരമല്ല മലയാള സിനിമയിലെ താരങ്ങളും നക്ഷത്രങ്ങളുമെന്ന ആമുഖത്തോടെയാണ് ലിംഗ വിവേചനവും ലൈംഗിക അതിക്രമവും ക്രിമിനല്‍ പ്രവര്‍ത്തികളും ലോബിയിംഗും വെളിപ്പെടുത്തുന്ന വിശദമായ ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടത്.

2017 ജൂലൈയില്‍ ജസ്റ്റിസ് ഹേമയുടെ അധ്യക്ഷതയില്‍, മലയാള സിനിമാരംഗത്തെ ലൈംഗിക അതിക്രമവും ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അന്വേഷിച്ച് അവയ്ക്ക് പരിഹാര നടപടികള്‍ സമര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ രൂപികരിച്ച അന്വേഷണ കമ്മിറ്റിയാണ് ഹേമാ കമ്മിറ്റി. നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സലകുമാരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. 2017ല്‍ ആരഭിച്ച അന്വേഷണം നേരത്തെ പൂര്‍ത്തിയാക്കിയെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഈ വര്‍ഷം ഓഗസ്റ്റ് 19ന് ആണ്. എന്നാല്‍ പ്രധാനപ്പെട്ട അഞ്ച് പേജുകള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 97 മുതല്‍ 107 വരെയുള്ള പാരാഗ്രാഫുകളും 49 മുതല്‍ 53 വരെയുള്ള പേജുകളുമാണ് ഒഴിവാക്കിയത്. ഇത് പുറത്തുവിടാന്‍ ഇരുന്നെങ്കിലും പുറത്തുവിടുന്നതിനെതിരെ മറ്റൊരു പരാതി കൂടി ലഭിച്ചതിനാല്‍ ആ പേജുകള്‍ പിന്നീട് പുറംലോകം കണ്ടിട്ടില്ല.

മലയാള സിനിമയില്‍ കാസ്റ്റിക് കൗച്ച് ഉണ്ടെന്ന് അടിവരയിലുന്നതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള ലൈംഗിക അതിക്രമം എന്നതിനൊപ്പം ലഹരി ഉപയോഗം വ്യാപകമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മലയാള സിനിമയില്‍ ആണ്‍മേല്‍ക്കോയ്മയാണ് നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. മലയാള സിനിമയിലെ മുന്‍നിര അഭിനേത്രിമാര്‍ ഉള്‍പ്പെടെ അമ്പതിലേറെപ്പോരാണ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയത്. സിനിമയില്‍ അവസരം നല്‍കുന്നതിന് പകരം ശരീരം ചോദിക്കുന്നത് പതിവാണെന്നും ഇതിനായി ഇടനിലക്കാര്‍ ഒട്ടേറെയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


മലയാള സിനിമയെ മാഫിയയാണ് നിയന്ത്രിക്കുന്നത്. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് സംവിധായകരും നിര്‍മാതാക്കളുമാണ്. സഹകരിക്കുന്നവരെ ‘കോഓപ്പറേറ്റിങ് ആര്‍ട്ടിസ്റ്റ്’ എന്ന് പേരിട്ട് വിളിക്കും. സഹകരിക്കാന്‍ തയാറാകാത്തവരെയും പ്രശ്നങ്ങള്‍ തുറന്നു പറയുന്നവരെയും പ്രശ്നക്കാരെന്ന് മുദ്രകുത്തി സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും വിലക്കുകയും ചെയ്യും. വിവാദമായ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അടക്കം തങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി രംഗത്തെത്തി.

ഓഗസ്റ്റ് 23ന് ബംഗാളി നടി സംവിധായകന്‍ രഞ്ജിത്തിനെതിരെ രംഗത്തെത്തി. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാനായി വിളിച്ചു വരുത്തി രഞ്ജിത്ത് മോശമായി പെരുമാറിയെന്നും താന്‍ ഹോട്ടലില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും നടി വെളിപ്പെടുത്തി. കുറ്റം നിഷേധിച്ചെങ്കിലും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രഞ്ജിത്ത് ഓഗസ്റ്റ് 25ന് രാജിവച്ചു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു യുവാവും സംവിധായകനെതിരെ രംഗത്തെത്തി. ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. ഈ രണ്ട് കേസുകളിലും അന്വേഷണം നടക്കുകയാണ്.

പിന്നാലെ നടന്‍ സിദ്ദിഖിനെതിരെയും ലൈഗികാതിക്രമ പരാതി ഉയര്‍ന്നു. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലില്‍ പീഡനത്തിനിരയായത് എന്നാണ് നടി പൊലീസിനോട് വെളിപ്പെടുത്തിയത്. അന്ന് തനിക്ക് 21 വയസ് ആയിരുന്നു എന്നും നടി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. യുവനടിയുടെ പരാതിയെ തുടര്‍ന്ന് വിശദീകരണം നല്‍കാതെ ‘അമ്മ’ സംഘടനയില്‍ നിന്നും സിദ്ദിഖ് രാജിവച്ചു. പിന്നാലെ സിദ്ദിഖ് ഇരുന്നിരുന്ന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പല താരങ്ങളും തയാറായി. ബാബുരാജ് ജനറല്‍ സെക്രട്ടറി ആകുമെന്ന അഭ്യൂഹം എത്തിയതോടെ നടനെതിരെയും പരാതി എത്തി.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ജൂനിയര്‍ നടിയെ പീഡിപ്പിച്ചു എന്നായിരുന്നു ബാബുരാജിനെതിരായ കേസ്. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍ വച്ചും ഇടുക്കി കമ്പിലൈനിലെ റിസോര്‍ട്ടില്‍ വച്ചും പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. അടിമാലി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ ‘അമ്മ’ സംഘടനയുടെ വിശദീകരണത്തിനായി കാത്തിരുന്നെങ്കിലും കൂട്ടരാജി വയ്ക്കുന്നു എന്ന ഒറ്റ തീരുമാനത്തില്‍ പ്രസിഡന്റ് മോഹന്‍ലാലും മറ്റ് അംഗങ്ങളും എല്ലാം അവസാനിപ്പിക്കുകയായിരുന്നു. ജയസൂര്യ, മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ബാലചന്ദ്ര മേനോന്‍ എന്നിവര്‍ക്കെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കേസ് നല്‍കി. പിന്നീട് കേസ് പിന്‍വലിക്കുകയാണെന്ന് അറിയിച്ചെങ്കിലും തുടരാന്‍ നടി തീരുമാനിച്ചു. നടന്‍ നിവിന്‍ പോളിക്കെതിരെ ആരോപണം എത്തിയെങ്കിലും ഇത് വ്യാജ കേസ് ആണെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ മറ്റ് കേസുകളിലൊന്നും ഇതുവരെ തീര്‍പ്പായിട്ടില്ല.

2024ന്റെ തുടക്കത്തില്‍ മലയാള സിനിമകള്‍ തിയേറ്ററുകളില്‍ അപ്രതീക്ഷിത കുതിപ്പുണ്ടാക്കിയിരുന്നു. വര്‍ഷത്തിന്റെ തുടക്കത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് തുടക്കത്തിന്റെ 100 കോടി കിലുക്കത്തിന്റെ തിളക്കം പിന്നീട് പ്രേമലു, ആടുജീവിതം, ആവേശം, എആര്‍എം എന്നിവയിലൂടെ തുടര്‍ന്നു. നിരവധി സിനിമകള്‍ 50 കോടി ക്ലബ്ബിലും കയറി. ഈ വര്‍ഷം ആറ് മാസം കൊണ്ടാണ് 1000 കോടിയിലേക്ക് എത്തിയത്. എന്നാല്‍ ഈ വര്‍ഷത്തിന്റെ രണ്ടാം പകുതി ഹേമാ കമ്മിറ്റിയിലും വിവാദങ്ങളിലും മുങ്ങിയതോടെ നിലവില്‍ തകര്‍ച്ചയുടെ വക്കിലാണ് മലയാള സിനിമ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *