ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ദമ്പതികളായി ഫിലാഡല്‍ഫിയയില്‍ നിന്നുള്ള ബെര്‍ണി ലിറ്റമാനും മാര്‍ജോറി ഫിറ്റര്‍മാനും. ഇരുവരും ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. 100 വയസാണ് ബെര്‍ണി ലിറ്റ്മാന്. 102 വയസുണ്ട് ഭാര്യ മാര്‍ജോറി ഫിറ്റര്‍മാന്. 9 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടേയും വിവാഹം.
വൃദ്ധസദനത്തിലാണ് ഇരുവരുടേയും പ്രണയകഥയ്ക്ക് തുടക്കം. ഒമ്പത് വര്‍ഷം മുമ്പ് ഒരു പാര്‍ട്ടിയില്‍വെച്ചാണ് രണ്ടുപേരും ആദ്യം കണ്ടുമുട്ടുന്നത്. ചെറുപ്പത്തില്‍ ഇരുവരും പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ ഒരുമിച്ച് പഠിച്ചിരുന്നവരാണെങ്കിലും അന്നൊന്നും പ്രണയം തോന്നിയിരുന്നില്ല. പിന്നീട് ബെര്‍ണി എഞ്ചിനീയറായാണ് ജോലി ചെയ്തിരുന്നത്. മാര്‍ജോറി അധ്യാപികയും ആയി. രണ്ട് പേരും വേറെ വിവാഹം കഴിച്ച് കുടുംബ ജീവിതവുമായി മുന്നോട്ടുപോയി. ഈ കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും ഇവര്‍ കണ്ടുമുട്ടിയിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇരുവരും വൃദ്ധ സദത്തില്‍ എത്തിയത്. വൃദ്ധ സദനത്തിലെ ഒരേ നിലയിലാണ് ഇരുവരും താമസിക്കുന്നത്. രണ്ട് പേരുടേയും പങ്കാളികള്‍ മരിച്ചു പോയതാണ്. വൃദ്ധ സദനത്തിലെത്തിയ ഇരുവരും എപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്തു. 9 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്.
വിവാഹത്തില്‍ ഇരുവരുടേയും കുടുംബാംഗങ്ങളും പങ്കെടുത്തു. ആളുകള്‍ക്ക് സന്തോഷം നല്‍കുന്ന എന്തെങ്കിലും നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കൊച്ചുമക്കള്‍ പറഞ്ഞു.