
വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച ആദിവാസി സ്ത്രീയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ കൈമാറി. വനംവകുപ്പിലെ താൽക്കാലിക വാച്ചറുടെ ഭാര്യ രാധയാണ് മരിച്ചത്. വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാപ്പി പറിക്കുന്നതിനിടയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ആക്രമിച്ച ശേഷം രാധയെ കടുവ വലിച്ചിഴച്ചുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
സംഭവത്തിൽ ജനുവരി 24 മുതല്‍ 27 വരെ മാനന്തവാടിയിൽ നിരോധനാജ്ഞയാണ്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടിയെടുത്തത്. അതേസമയം കടുവയുടെ ആക്രമണത്തില്‍ രാധയെന്ന സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് യുഡിഎഫ് മാനന്തവാടി നഗരസഭയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. നരഭോജി കടുവയെ പിടികൂടുന്നതിനായി സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് കടുവയെ തിരയുന്നതിനായി ക്യാമറ ട്രാപ്പുകളും വനംവകുപ്പ് സ്ഥാപിച്ചു.
കടുവയെ നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വെടിവച്ച് കൊല്ലാനുള്ള ഉത്തരവായിട്ടുണ്ടെന്നും മന്ത്രി ഓ ആർ കേളു അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ചുവെന്നും മന്ത്രി അറിയിച്ചു.