എംഡിയുടെ പെണ്‍മക്കളടക്കം ഒരു സ്ത്രീപോലും മാതൃഭൂമിയില്‍ സുരഷിതയല്ല; ശ്രേയാംസ് കുമാറിന് തുറന്ന കത്തെഴുതി മാധ്യമപ്രവര്‍ത്തക രാജിവച്ചു; എച്ച്ആറിനെതിരെ വെളിപ്പെടുത്തല്‍

എംഡിയുടെ പെണ്‍മക്കളടക്കം ഒരു സ്ത്രീപോലും മാതൃഭൂമിയില്‍ സുരഷിതയല്ല; ശ്രേയാംസ് കുമാറിന് തുറന്ന കത്തെഴുതി മാധ്യമപ്രവര്‍ത്തക രാജിവച്ചു; എച്ച്ആറിനെതിരെ വെളിപ്പെടുത്തല്‍

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് മലയാള സിനിമ ലോകത്തെ പിടിച്ചുലച്ചതിന് പിന്നാലെ മാധ്യമ ലോകത്തും വെളിപ്പെടുത്തലുകളും രാജിയും. തന്റെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മാതൃഭൂമിയില്‍ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്നും ചൂണ്ടിക്കാട്ടി വനിതാ മാധ്യമപ്രവര്‍ത്തക സ്ഥാപനത്തില്‍ നിന്നും രാജിവച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡ്ബ്യൂജെ) സംസ്ഥാന സെക്രട്ടറി കൂടിയായ അഞ്ജന ശശിയാണ് മാതൃഭൂമി എംഡി ശ്രേയാംസ് കുമാറിന് തുറന്ന കത്തെഴുതി രാജിവച്ചത്. മാധ്യമ ലോകത്ത് വലിയ ചര്‍ച്ചയാണ് അഞ്ജനയുടെ രാജി.

കഴിഞ്ഞ വേജ് ബോര്‍ഡ് സമരകാലത്തെ നാട് കടത്തലിന് നേതൃത്വം കൊടുത്ത സീനിയര്‍ എച്ച്. ആര്‍ മാനേജര്‍ ആനന്ദിന് എതിരെയാണ് കത്തില്‍ പ്രധാനമായും പരാതി ഉന്നയിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരേ മേലധികാരികള്‍ക്ക് പരാതി നല്‍കി എന്നതിന്റെ പേരില്‍ രണ്ടുവര്‍ഷമായി അയാളില്‍ നിന്ന് താന്‍ പീഡനം നേരിടുകയാണെന്നും അഞ്ജന ശശി കത്തില്‍ പറയുന്നു.

താന്‍ രോഗിയാണെന്നിരിക്കെ മരുന്നു കഴിച്ച് ജോലി ചെയ്യാനുള്ള സാഹചര്യം പോലും ഇല്ലാതാക്കുകയും ഇന്റേണല്‍ കമ്മിറ്റി റിപോര്‍ട്ട് വരെ ഇയാള്‍ സ്വാധീനിക്കുകയും ചെയ്തു. അന്വേഷണ കമ്മീഷന്‍ തന്നെ വീണ്ടും അപമാനിച്ചു. ഇനി തനിക്ക് നിയമവഴിക്കു പോവുകയല്ലാതെ നിവൃത്തിയില്ലെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു.

എഡിറ്റര്‍ മനോജ് കെ ദാസും എച്ച്.ആര്‍ ആനന്ദും തമ്മിലുള്ള വ്യക്തിവിരോധത്തിന് തന്നെ ഇരയാക്കിയതാണെന്നും തന്റെ പ്രമോഷനുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ സംഭവം പരാതിപ്പെട്ടതിനെ തുടര്‍ന്ന് നിഷേധിച്ചെന്നും കത്തില്‍ പറയുന്നു. മാതൃഭൂമിക്കുള്ളില്‍ നിന്നു പോരാടി നീതിലഭിക്കാത്തതിനാല്‍ നിയമപോരാട്ടത്തിനായി മാന്യമായി രാജി വച്ച് ഇറങ്ങി പുറത്തു നിന്നു പോരാടാന്‍ തന്നെയാണ് തീരുമാനമെന്നും ഇവര്‍ വ്യക്തമാക്കി.

മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയംസ്‌കുമാറിന് അയച്ച രാജിക്കത്തില്‍ താങ്കളുടെ പെണ്‍മക്കള്‍ അടക്കം ഒരു സ്ത്രീപോലും മാതൃഭൂമിയില്‍ സുരഷിതരായിരിക്കില്ല എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ശാരീരിക സമ്പര്‍ക്കമില്ലാത്ത ഏതൊരു കൈയേറ്റവും അശ്ലീലമായ ശരീരഭാഷയും വൃത്തികെട്ട ആംഗ്യവും പുച്ഛവും ഏതു കാബിനില്‍ വെച്ചും ഏതു പെണ്‍കുട്ടിക്കു നേരെയും പ്രയോഗിക്കാം എന്നുള്ള ലൈസന്‍സ് മാതൃഭൂമിയിലെ മുഴുവന്‍ പുരുഷന്‍മാര്‍ക്കും നല്‍കുന്ന എല്ലാ കാലത്തേക്കുമുള്ള ഒരു രേഖയാണ് മാതൃഭൂമിയില്‍ ഉള്ളതെന്നും കത്തിലുണ്ട്.

17 കൊല്ലമായി മാതൃഭൂമിയിലുള്ള തന്റെ പ്രമോഷനടക്കം തടഞ്ഞതിന് നല്‍കിയ പരാതിയില്‍ തന്നെ വീണ്ടും അപമാനിക്കുന്ന റിപോര്‍ട്ട് ആരോപണ വിധേയന്‍ തന്നെ തയ്യാറാക്കിയെന്നും കത്തില്‍ അഞ്ജന ശശി വ്യക്തമാക്കുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *