മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിക്കും; തമിഴ്‌നാടിന്റെ ഒരു മണ്ണുപോലും വിട്ടുകൊടുക്കില്ലെന്ന് മന്ത്രി ഐ പെരിയസ്വാമി

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിക്കും; തമിഴ്‌നാടിന്റെ ഒരു മണ്ണുപോലും വിട്ടുകൊടുക്കില്ലെന്ന് മന്ത്രി ഐ പെരിയസ്വാമി

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിക്കുമെന്ന് തമിഴ്‌നാട് ഗ്രാമവികസന, തദ്ദേശ വകുപ്പ് മന്ത്രി ഐ പെരിയസ്വാമി. ഡിഎംകെ സർക്കാരിന്റെ സ്വപ്നം യാഥാർഥ്യമാക്കുമെന്നന്നും തമിഴ്‌നാടിന്റെ ഒരു മണ്ണുപോലും വിട്ടുകൊടുക്കില്ലെന്നും മന്ത്രി അറിയിച്ചു.

തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സുപ്രീം കോടതി വിധി പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾക്ക് തമിഴ്‌നാട് സർക്കാരിന് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം വൈക്കം സന്ദർശനവേളയിൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി തിരുമാനിച്ചിരുന്നതായും മന്ത്രി അറിയിച്ചു.

അതേസമയം മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി തമിഴ്‌നാടിന് കേരളം അനുമതി നൽകിയിരുന്നു. ജലവിഭവവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് നൽകിയത്. ഏഴു ജോലികൾക്കായി നിബന്ധനകളോടെയാണ് അനുമതി നൽകിയിട്ടുള്ളത്. അണക്കെട്ടിലും സ്പിൽവേയിലും സിമൻ്റ് പെയിൻ്റിങ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് തമിഴ്‌നാട് നടത്തുന്നത്. പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്നത് വരെ ജനങ്ങളുടെ ഭീതി ഒഴിവാക്കാനായി നിലവിലുള്ള അണക്കെട്ടിൽ താൽക്കാലിക അറ്റകുറ്റപ്പണികൾക്ക് മാത്രമാണ് അനുമതി നൽകുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *