കേന്ദ്രബജറ്റ് രാജ്യമാകെയുള്ള ഭിന്നശേഷി സമൂഹത്തെ അപമാനിച്ചു, തരംതാഴ്ത്തി; അവഗണന ആധുനിക നാഗരികസമൂഹത്തിന് നിരക്കാത്തതെന്ന് മന്ത്രി ആര്‍ ബിന്ദു

കേന്ദ്രബജറ്റ് രാജ്യമാകെയുള്ള ഭിന്നശേഷി സമൂഹത്തെ അപമാനിച്ചു, തരംതാഴ്ത്തി; അവഗണന ആധുനിക നാഗരികസമൂഹത്തിന് നിരക്കാത്തതെന്ന് മന്ത്രി ആര്‍ ബിന്ദു

രാജ്യമാകെയുള്ള ഭിന്നശേഷി സമൂഹത്തെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നതാണ് കേന്ദ്രബജറ്റിലെ സമീപനമെന്നും മന്ത്രി ആര്‍ ബിന്ദു. ഇത് ക്ഷമിക്കാന്‍ പറ്റാത്തതാണ്. കോര്‍പ്പറേറ്റുകള്‍ക്ക് കോടികള്‍ ആനുകൂല്യങ്ങള്‍ കോരിച്ചൊരിയുന്നവര്‍ ഈ അരികുവല്കൃത സമൂഹത്തോട് കാണിച്ച അവഗണന ആധുനിക നാഗരികസമൂഹത്തിന് നിരക്കാത്തതാണ്.

ഭിന്നശേഷി മേഖലയിലെ സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും ഒന്നടങ്കം ദീര്‍ഘനാളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ബജറ്റ് നീക്കിവെപ്പ് ആവശ്യത്തെ പുറംകാല്‍ കൊണ്ട് തട്ടി തെറിപ്പിച്ചിരിക്കുകയാണ് ബജറ്റില്‍. നാമമാത്രമായ വര്‍ദ്ധനമാത്രം ഭിന്നശേഷി ശാക്തീകരണത്തിനായുള്ള വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവച്ച് ഭിന്നശേഷി സഹോദരങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പരിശ്രമമാണ് ബജറ്റില്‍ നടത്തിയിരിക്കുന്നത്.

ആകെ ബജറ്റ് വിഹിതത്തിന്റെ 0.025 ശതമാനം മാത്രമാണ് ഈ മേഖലക്കായുള്ള നീക്കിവെപ്പെന്നത് ഭിന്നശേഷി ക്ഷേമ പ്രവര്‍ത്തനങ്ങളോടുള്ള തുറന്ന അവജ്ഞ വിളിച്ചോതുന്നതാണ്.
കേന്ദ്ര സര്‍ക്കാര്‍ അഭിമാനപദ്ധതിയായി അവതരിപ്പിച്ചു പോരുന്ന ആക്‌സസിബിള്‍ ഇന്ത്യ ക്യാമ്പയിനിനെയും ഭിന്നശേഷി അവകാശ നിയമത്തിന്റെ നടത്തിപ്പിനെയും പുല്ലുവില കല്പിക്കാത്ത സമീപനമാണ് ബജറ്റ് വിഹിതം നോക്കിയാല്‍ കാണുക. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് 2022-23 ബജറ്റില്‍ അനുവദിച്ചതിന്റെ പകുതിയില്‍ താഴേക്ക് കുറച്ചിരിക്കുകയാണ് ഈ ബജറ്റിലെ വിഹിതം.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള നീക്കിവെപ്പിലും വലിയ വെട്ടിച്ചുരുക്കലാണ് നടത്തിയിരിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു ചൂണ്ടിക്കാട്ടി. ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള ക്ഷേമ ഫണ്ടില്‍ തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളില്‍ കുത്തനെ ഇടിവു വന്നതിനെപ്പറ്റി സാമ്പത്തിക സര്‍വ്വേ മുന്നറിയിപ്പു നല്‍കിയിരുന്നതും കേന്ദ്രബജറ്റില്‍ പാടെ അവഗണിച്ചു.

നാമമാത്രമായ സ്ഥാപനങ്ങള്‍ക്ക് നേരിയ വിഹിതവര്‍ദ്ധന വരുത്തിയതുകൊണ്ട് മറച്ചുവെക്കാവുന്നതും മറികടക്കാവുന്നതുമായ പ്രതിസന്ധിയല്ല ഈ ബജറ്റ് മൊത്തത്തില്‍ ഭിന്നശേഷി ക്ഷേമ പ്രവര്‍ത്തന മേഖലയില്‍ ഉണ്ടാക്കിയിരിക്കുന്നത്. അതി തീവ്രമായ പ്രതിസന്ധിയിലേക്ക് ഭിന്നശേഷിക്ഷേമ പ്രവര്‍ത്തനങ്ങളാകെ പതിക്കുമെന്ന് വ്യക്തമാക്കിത്തരികയാണ് ഈ ബജറ്റ്.

പാവപ്പെട്ടവരോടും അരികുവല്കൃതരോടുമുള്ള പരിഗണന തൊട്ടുതീണ്ടാത്തതിന് മകുടോദാഹരണമാണ് ഇന്ദിര ഗാന്ധി ദേശീയ ഭിന്നശേഷി പെന്‍ഷന്‍ പദ്ധതിയ്ക്കുള്ള വിഹിതം തെല്ലു പോലും കൂട്ടാതെയുള്ള ബജറ്റ് പ്രഖ്യാപനം. പെന്‍ഷന്‍ വര്‍ധന നിര്‍ബന്ധമായും വേണമെന്ന പാര്‍ലമെണ്ടറി സ്ഥിരംസമിതി യുടെ ശുപാര്‍ശകളെ പോലും കാറ്റില്‍ പറത്തിയിരിക്കുകയാണ് ധനമന്ത്രി ബജറ്റില്‍. 2012ല്‍ നല്‍കിപ്പോരുന്ന മുന്നൂറുരൂപയാണ് ഈ ബജറ്റിനു ശേഷവും പെന്‍ഷനായി ഇവര്‍ക്ക് ലഭിക്കുക. വേണ്ടത്ര തൊഴിലവസരം ലഭ്യമല്ലാത്തവരായ ഭിന്നശേഷി ജനതയുടെ ഏകാശ്രയമായ പെന്‍ഷനോടുള്ള ഈ സമീപനം നടുക്കമുളവാക്കുന്നതാമെന്നും മന്ത്രി പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *