‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ 5 വർഷത്തിനുള്ളിൽ? നീക്കങ്ങൾ സജീവമാക്കി കേന്ദ്രം, റിപ്പോർട്ടുകൾ ഇങ്ങനെ

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ 5 വർഷത്തിനുള്ളിൽ? നീക്കങ്ങൾ സജീവമാക്കി കേന്ദ്രം, റിപ്പോർട്ടുകൾ ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പരാമർശിച്ചത് ശ്രദ്ധേയമായിരുന്നു. 

ദില്ലി: മൂന്നാം മോദി സർക്കാരിന്റെ കാലാവധി തീരും മുമ്പ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ പ്രകടന പത്രികയിലെ വാഗ്ദാനം ബിജെപി യാഥാർത്ഥ്യമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.  ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഈ വർഷം മാർച്ച് 15ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പൊതു വോട്ടർ പട്ടികയും വോട്ടർ ഐഡി കാർഡുകളും തയ്യാറാക്കാനും സമിതി ശുപാർശ ചെയ്തു. 18 ഭരണഘടനാ ഭേദഗതികളും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. അവയിൽ മിക്കതിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ല എന്നതാണ് പ്രധാനം. എന്നാൽ, പാർലമെന്റ് പാസാക്കേണ്ട ചില ഭരണഘടനാ ഭേദഗതി ബില്ലുകൾ ഇത് നടപ്പാക്കാൻ ആവശ്യമാണ്. 

അതേസമയം, തുടർച്ചയായി മൂന്നാം തവണയും അധികാരമേറ്റ് ചരിത്രം കുറിച്ചിരിക്കുകയാണ് എൻഡിഎയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിനങ്ങൾ പിന്നിടുന്ന സാഹചര്യത്തിലാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വീണ്ടും സജീവ ചർച്ചയായി മാറിയിരിക്കുന്നത്. ഓ​ഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം പരാമർശിച്ചതും ശ്രദ്ധേയമായിരുന്നു. ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന് വേണ്ടി ജനങ്ങൾ മുന്നോട്ട് വരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *