ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ നിന്ന് രോഹിത് ശർമ്മ സ്വയം മാറി നിന്നതിന് എതിരെ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. മോശം ഫോം കാരണം പുറത്ത് ഇരിക്കുന്നതിന് പകരം മുന്നിൽ നിന്ന് നയിക്കാനുള്ള തന്റേടം രോഹിത് കാണിക്കണം ആയിരുന്നു എന്നാണ് കൈഫ് പറഞ്ഞത്. സിഡ്‌നിയിൽ ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്തം രോഹിത് നിറവേറ്റേണ്ടതായിരുന്നുവെന്ന് കൈഫ് പരാമർശിച്ചു.
സിഡ്‌നിയിൽ നടന്ന മത്സരം ഒഴിവാക്കുന്നതിന് മുമ്പ് രോഹിത് ശർമ്മ മൂന്ന് ടെസ്റ്റുകളിൽ നിന്ന് 31 റൺസ് മാത്രമാണ് നേടിയത്. രോഹിതിൻ്റെ തീരുമാനത്തെ ഇർഫാൻ പത്താനും രവി ശാസ്ത്രിയും സുനിൽ ഗവാസ്‌കറും അഭിനന്ദിച്ചപ്പോൾ, കൈഫ് രോഹിത് ചെയ്തത് തെറ്റാണെന്നുള്ള അഭിപ്രായമാണ് പറഞ്ഞത്.
പരമ്പര സമനിലയിലാക്കാൻ ഇന്ത്യക്ക് അവസരമുണ്ടായിരുന്നെങ്കിലും സന്ദർശകർ മത്സരം 6 വിക്കറ്റിന് തോൽക്കുകയും 10 വർഷത്തിന് ശേഷം ഓസ്‌ട്രേലിയക്ക് മുന്നിൽ ബോർഡർ ഗവാസ്‌ക്കർ ട്രോഫി അടിയറവെക്കുകയും ചെയ്തു. അഞ്ചാം ടെസ്റ്റിനിടെ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റപ്പോൾ രോഹിത്തിന്റെ അഭാവം അനുഭവപ്പെട്ടു. വിരാട് കോഹ്‌ലിയാണ് പകരം ടീമിനെ നയിച്ചത്.
“രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റ് കളിക്കേണ്ടതില്ല, കാരണം അദ്ദേഹത്തിന് ഏറ്റവും ആവശ്യമുള്ളപ്പോൾ സിഡ്നിയിലെ മത്സരം ഒഴിവാക്കാൻ അയാൾ തീരുമാനിച്ചു,” കൈഫ് പറഞ്ഞു.
“ഇന്ത്യൻ ടീമിൽ ആരും റൺസ് നേടുന്നുണ്ടായിരുന്നില്ല, കളിയിൽ നിന്ന് പുറത്താകുന്നതിന് മുമ്പ് രോഹിത് അത് പരിഗണിക്കേണ്ടതായിരുന്നു. ബുംറയ്ക്ക് പരിക്കേറ്റപ്പോൾ അദ്ദേഹത്തിൻ്റെ അഭാവം അനുഭവപ്പെട്ടു. രോഹിതിന് എല്ലാം നന്നായി അറിയാം. കളിക്കാരുടെ റോളുകളെ കുറിച്ച് അദ്ദേഹത്തിന് അറിയാം. ബുംറയ്ക്ക് പരിക്കേറ്റതോടെ ക്യാപ്‌റ്റനില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങിയത്. ബുംറയും രോഹിതും ഇല്ലായിരുന്നു.”
“വർഷങ്ങളായി കോഹ്‌ലി ഈ വേഷത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു, അദ്ദേഹം പെട്ടെന്ന് സിറാജിനോടും ജഡേജയോടും അവരുടെ പദ്ധതികളെക്കുറിച്ച് ചോദിക്കുകയായിരുന്നു. ബൗളർമാരെ പിന്തുണയ്ക്കാൻ ആരുമുണ്ടായിരുന്നില്ല. രോഹിതിൻ്റെ തീരുമാനം തെറ്റായിരുന്നു.” കൈഫ് പറഞ്ഞു അവസാനിപ്പിച്ചു.