‘അതുകൊണ്ടെന്താ?, എഡിജിപി എവിടെയെങ്കിലും പോയതിന് നമ്മളെങ്ങനെയാണ് ഉത്തരവാദിയാവുക’; ലാഘവത്തോടെ പ്രതികരിച്ച് എംവി ഗോവി​ന്ദൻ

‘അതുകൊണ്ടെന്താ?, എഡിജിപി എവിടെയെങ്കിലും പോയതിന് നമ്മളെങ്ങനെയാണ് ഉത്തരവാദിയാവുക’; ലാഘവത്തോടെ പ്രതികരിച്ച് എംവി ഗോവി​ന്ദൻ

സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ ലാഘവത്തോടെ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി​ ഗോവിന്ദൻ. ‘അതുകൊണ്ടെന്താ’ എന്നാണ് ചിരിച്ചുകൊണ്ട് എംവി​ ഗോവിന്ദൻ പ്രതികരിച്ചത്. ‘എഡിജിപി എവിടെയെങ്കിലും പോയതിന് നമ്മളെങ്ങനെയാണ് ഉത്തരവാദിയാവുക’യെന്നും എംവി ഗോവിന്ദൻ ചോദിച്ചുകൊണ്ട് മറ്റ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.

സർക്കാരിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കിയ സംഭവത്തിൽ ചിരിച്ചുകൊണ്ടായിരുന്നു എംവി​ ഗോവിന്ദന്റെ പ്രതികരണം. അതേസമയം, ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതിൽ കടുത്ത വിമർശനവുമായി സിപിഐ രംഗത്തെത്തി. അജിത് കുമാറിനെ തള്ളുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ​സിപിഐ നേതാവുമായ വിഎസ് സുനിൽ കുമാറും സ്വീകരിച്ചത്.

ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എംആർ അജിത്കുമാർ സമ്മതിച്ചിരുന്നു. തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് ബിജെപി നേതാവിനെ കണ്ടത് സ്വകാര്യ സന്ദർശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നൽകി. എഡിജിപി എംആർ അജിത്കുമാർ മുഖ്യമന്ത്രിക്കു വേണ്ടി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്നു പ്രതിപക്ഷനേതാവ് വിഡി സതീശനാണു വെളിപ്പെടുത്തിയത്. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം.

സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നാണ് എഡിജിപി വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ്എസ് ക്യാംപിനിടെ ആയിരുന്നു കൂടിക്കാഴ്ച. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ വിജയത്തിന് മുഖ്യമന്ത്രി ബിജെപിയെ സഹായിച്ചു എന്നരോപിച്ചു കൊണ്ടായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ കൂടിക്കാഴ്ചാ വിഷയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ചത്. വിഡി സതീശന്റെ വെളിപ്പെടുത്തൽ ആഭ്യന്തരവകുപ്പ് ഇതുവരെ നിഷേധിച്ചിട്ടില്ല. നിഷേധിച്ചാൽ ബാക്കി തെളിവ് പുറത്തുവിടുമെന്നും സതീശൻ പറഞ്ഞിരുന്നു.

2023 മെയ് മാസത്തിലാണ് ദത്താത്രേയ ഹോസബലയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്. ആർഎസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായതിനാൽ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാൽ എവിടെയെല്ലാം പോയെന്നു വ്യക്തമാകും. അതിനാൽ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലായിരുന്നു യാത്ര.

ദത്താത്രേയ ഹൊസബാളെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എഡിജിപി എം.ആർ.അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്ത ദിവസം തന്നെ കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർഎസ്എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മേയ് 22ന് എ‍ഡിജിപി എത്തിയതെന്നും തൃശൂർ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കൂടിക്കാഴ്ചാ വിവാദം അന്വേഷിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി എഡിജിപി എംആർ അജിത്കുമാർ പൂരം കലക്കിയെന്ന് ഇടത് എംഎൽഎ പിവി അൻവർ ആരോപിച്ചിരുന്നു. ഈ ആരോപണത്തിനു പുറമേയാകും കൂടിക്കാഴ്ചാവിവാദം കൂടി പ്രത്യേകസംഘം അന്വേഷിക്കുക. പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ, ആർഎസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *