നാട്ടിക ലോറി അപകടത്തില്‍ വണ്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി; ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍; കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

നാട്ടിക ലോറി അപകടത്തില്‍ വണ്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി; ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍; കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

നാട്ടികയില്‍ ലോറി പാഞ്ഞുകയറി അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഉറങ്ങിക്കിടന്നവരുടെ മേല്‍ അമിത വേഗതയിലെത്തിയ ലോറി പാഞ്ഞു കേറിയുണ്ടായ അപകടം നിര്‍ഭാഗ്യകരമാണ്. നിയമലംഘനം നടത്തിയതിന് രണ്ടുപേര്‍ക്കുമെതിരെ കേസെടുക്കും.

നിലവില്‍ വണ്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി. ഡ്രൈവറും ക്ലീനറും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്ന ഭാഗത്ത് ബാരിക്കേഡുകള്‍ തകര്‍ത്താണ് അമിത വേഗത്തിലെത്തിയ ലോറി അപകടമുണ്ടാക്കിയതെന്നാണ് കമ്മീഷണറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്.

ഇനിമുതല്‍ രാത്രികാല പരിശോധന കര്‍ശനമായിരിക്കും. അപകടശേഷം ലോറിയുമായി കടക്കാന്‍ ശ്രമിച്ചുവെന്നും നാട്ടുകാര്‍ തടഞ്ഞതിനാല്‍ അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. അപകടത്തില്‍ അഞ്ച് പേരാണ് മരിച്ചത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായമടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

രാത്രികാലങ്ങളില്‍ വണ്ടികള്‍ അമിതവേഗതയിലാണ് ഓടിക്കുന്നതെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള വണ്ടികള്‍ അമിതവേഗതയില്‍ തെറ്റായ ദിശയിലേക്ക് കയറിവരുന്നത് പതിവാക്കിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. റോഡ് സൈഡില്‍ ഉറങ്ങുന്നവരെ മാറ്റുന്നതിനുള്ള നടപടികള്‍ പോലീസുമായി സഹകരിച്ച് സ്വീകരിക്കും.


ഇവിടെ കിടന്നുറങ്ങരുതെന്ന് മുന്നറിയിപ്പ് അപകടത്തില്‍പെട്ടവര്‍ക്കും പോലീസ് നല്‍കിയിരുന്നു. റോഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് കൂടുതല്‍ ജാഗ്രത പാലിക്കും. ട്രാഫിക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുമായി സഹകരിച്ചുകൊണ്ട് റോഡ് അപകടങ്ങള്‍ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ ആലോചിക്കുന്നുണ്ട്. ട്രാഫിക് ലൈന്‍ തെറ്റിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *