ഉന്നത വിദ്യാഭ്യാസമേഖലയില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിപൂര്‍ണമായും ഇല്ലാതാക്കുന്ന ഗൂഢപദ്ധതിയാണ് യുജിസിയുടെ 2025 ലെ ചട്ടഭേദഗതിയുടെ കരടില്‍ ഒളിച്ചു കടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുജിസിയും കേന്ദ്ര സര്‍ക്കാരും അടിച്ചേല്‍പ്പിക്കുന്ന വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണ, വര്‍ഗ്ഗീയവല്‍ക്കരണ, കേന്ദ്രീകരണ നയങ്ങളുടെ തുടര്‍ച്ചയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.
വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ രൂപീകരണം പോലും ചാന്‍സലറുടെ മാത്രം അധികാരമാക്കി മാറ്റുന്ന പുതിയ മാനദണ്ഡങ്ങള്‍ ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനവുമാണ്. ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ മന്തിസഭയുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണമെന്ന ഭരണഘടനാ കാഴ്ചപ്പാടാണ് ഇവിടെ തകര്‍ക്കപ്പെടുന്നത്. സംസ്ഥാന സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനമുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ താല്പര്യ പ്രകാരം തീരുമാനിക്കപ്പെടുന്നത് ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിനോടുള്ള വെല്ലുവിളി കൂടിയാണ്.
വൈസ് ചാന്‍സലര്‍ പദവിയിലേക്ക് അക്കാദമിക പരിചയമില്ലാത്തവരെയും നിയോഗിക്കാമെന്ന നിര്‍ദ്ദേശം സര്‍വകലാശാല ഭരണതലപ്പത്തേക്ക് സംഘപരിവാര്‍ ആജ്ഞാനുവര്‍ത്തികളെ എത്തിക്കാനുള്ള കുറുക്ക് വഴിയാണ്. സംസ്ഥാന സര്‍വ്വകലാശാലകളുടെ സര്‍വ്വാധികാരിയായി ചാന്‍സലറെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റം അംഗീകരിക്കാനാവില്ല. യുജിസി കരട് ചട്ടഭേദഗതിയിലെ സംഘപരിവാര്‍ അജണ്ടക്കെതിരെ രാജ്യത്തെ ജനാധിപത്യ ശക്തികള്‍ രംഗത്തുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.