‘മലപ്പുറത്തെ കുറ്റകൃത്യങ്ങൾ ഏതൊരിടത്തും നടക്കുന്ന കുറ്റകൃത്യം പോലെ, ഒരു സമുദായത്തിനെതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ല’; മുഖ്യമന്ത്രി

‘മലപ്പുറത്തെ കുറ്റകൃത്യങ്ങൾ ഏതൊരിടത്തും നടക്കുന്ന കുറ്റകൃത്യം പോലെ, ഒരു സമുദായത്തിനെതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ല’; മുഖ്യമന്ത്രി

ഏതൊരിടത്തും നടക്കുന്ന കുറ്റ കൃത്യം പോലെ തന്നെയാണ് മലപ്പുറം ജില്ലയിലെയും കുറ്റ കൃത്യങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയിൽ നിന്ന് കൂടുതൽ സ്വർണം പിടികൂടിയെന്നതിനെ ജില്ലയ്ക്കെ‌തിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ല. അതിനെ ഒരു സമുദായത്തിന്റെ പിടലിയിൽ വെക്കേണ്ടതില്ല. സർക്കാർ അത്തരമൊരു സമീപനം സ്വീകരിചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേലക്കര എൽഡിഎഫ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വർണം ഏതു ജില്ലയിൽ നിന്നാണോ പിടികൂടുന്നത് അവിടെ പിടികൂടി എന്നരീതിയിലാണ് കണക്ക് പുറത്തുവരികയെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് വർഷത്തിനിടയിൽ 147 കിലോ സ്വർണം പിടികൂടി. അതിൽ 124 കിലോ സ്വർണം മലപ്പുറം ജില്ലയിലാണ് പിടികൂടിയത്. ഇതെന്തോ മലപ്പുറം ജില്ലയ്ക്കെ‌തിരായ നീക്കമാണോ. മലപ്പുറം ജില്ലയിൽ വെച്ച് ഇത്രയും സ്വർണം പിടികൂടിയെന്ന് പറയുമ്പോൾ കാണേണ്ട വസ്‌തുത മലപ്പുറം ജില്ലയിലാണ് കോഴിക്കോട് വിമാനത്താവളമുള്ളത്. അത് കുറേ ജില്ലകളിൽ നിന്നുള്ള ആളുകൾ ആശ്രയിക്കുന്ന വിമാനത്താവളമാണ്.

ആ കണക്ക് സ്വാഭാവികമായിട്ട് ആ ജില്ലയിൽ നിന്ന് പിടികൂടിയാൽ ആ ജില്ലയിൽ നിന്ന് പിടികൂടി എന്നാണ് വരുക. അതിന് എന്തിനാണ് വല്ലാതെ പൊള്ളുന്നത്? ഇത് തടയാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അതിലെന്തിനാണ് വല്ലാതെ വേവലാതിപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. കരിപ്പൂർ വിമാനത്താവളം വഴി വലിയ തോതിൽ സ്വർണം – ഹവാല പണം കടത്തുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇത് തടയണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

സംസ്ഥാനത്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പൊലീസ് പല കാര്യങ്ങൾ ചെയ്യുന്നുണ്ട്. കള്ളക്കടത്ത് സ്വർണം – ഹവാല പണം പിടിക്കുന്നത് ചെയ്യാൻ പാടില്ലാത്ത കാര്യമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ചിലർ ജാഥകൾ സംഘടിപ്പിക്കുന്നു. മലപ്പുറത്തെ മോശമായി ചിത്രീകരിക്കാൻ എന്നും ശ്രമിച്ചിട്ടുള്ളത് സംഘ്പരിവാർ ആണ്. മലപ്പുറം ജില്ലാ രൂപീകരണത്തെ എതിർത്തവരാണ് ബിജെപിയും കോൺഗ്രസും. കൊച്ചു പാകിസ്താൻ എന്ന് മലപ്പുറത്തെ വിശേഷിപ്പിച്ചത് ആരാണെന്ന് ഓർമയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

വർഗീയത ഇല്ലാത്ത നാടാണ് കേരളമെന്ന് പറയാൻ ആവില്ല. പക്ഷേ വർഗീയ സംഘർഷങ്ങൾ ഇല്ലാത്ത നാടാണ് കേരളം. വർഗീയ ശക്തികൾ ആഗ്രഹിക്കുന്നത് പോലെ നാട് മാറിയിട്ടില്ല. തങ്ങൾക്ക്‌ സ്വാധീനമുണ്ടെന്ന് ചില വർഗീയ കക്ഷികൾ കരുതുന്ന നാടാണ് കേരളം. ഈ വർഗീയ ശക്തികൾക്ക് മറ്റു സംസ്ഥാനങ്ങളിൽ ഭരിക്കുന്നവർ പിന്തുണ നൽകുകയാണ്. കേരളത്തിൽ സർക്കാർ വർഗീയതയോട് വിട്ടു വീഴ്ച ചെയ്യുന്നില്ലെന്നും മത നിരപേക്ഷമെന്ന് അവകാശപ്പെട്ടത് കൊണ്ട് ആയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയുടെ ഉരകല്ല് വർഗീയതക്കെതിരായ നിലപാടാണ്. നാലു വോട്ടിന് വേണ്ടി കോൺഗ്രസ് സ്വീകരിച്ച അവസരവാദ നിലപാടുകൾ കേരളത്തിന് മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പതിവുകൾ തെറ്റിച്ചാണ് കേരളത്തിൽ തുടർ ഭരണം ഉണ്ടായത്. വികസന -ക്ഷേമ കാര്യങ്ങളിലെ എൽഡിഎഫ് നിലപാടാണ് തുടർ ഭരണത്തിലേക്ക് നയിച്ചത്. തുടർ ഭരണം സമ്മാനിച്ച വിധി തെറ്റിയില്ലെന്ന ബോധ്യം ജനങ്ങൾക്കുണ്ട്. കൂടുതൽ ജനാവിഭാഗങ്ങൾ ഇടതുമുന്നണിക്കൊപ്പം അണിചേരുന്നു. തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വിജയിച്ചു. കാണാതായത് കോൺ​ഗ്രസിന്റെ വോട്ടുകളാണ്. എൽഡിഎഫ് വിജയിച്ചില്ലെങ്കിലും വോട്ട് വിഹിതം കൂടി. എല്ലാവരുടെയും കൺമുന്നിൽ ഉള്ള കാഴ്ച്ചയാണതെന്നും ആർക്കും മറച്ചുവെയ്ക്കാൻ പറ്റുന്ന കണക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിന്റെ അവസ്ഥ പരിശോധിക്കേണ്ടതുണ്ട്. അവരെ വിട്ടുപോകുന്നവരുടെ എണ്ണം കൂടുകയാണ്. പലരും ബിജെപിയിലേക്ക് കുടിയേറുന്നു. കോൺ​ഗ്രസ് ശോഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ന്യൂനപക്ഷ വർഗീതയുടെ വക്താക്കളാണ്. അവരുടെ വോട്ടുകളും പോരട്ടെ എന്നതാണ് യുഡിഎഫ് നിലപാട്. വോട്ടാണ് യുഡിഎഫിന് പ്രധാനം. ലീഗും അതുമായി സഹകരിക്കുന്നു. അവരുടെ പോക്കും ആപത്തിലേക്ക് ആണെന്നും തിരിച്ചറിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *