ഇന്ത്യൻ നായകനായ രോഹിത് ശർമ്മയ്ക്ക് ഇപ്പോൾ മോശമായ സമയമാണുള്ളത്. ഓപ്പണിങ്ങിലും മിഡിൽ ഓർഡറിലും താരത്തിന് വേണ്ട പോലെ ടീമിന് വേണ്ടി റൺസ് നേടാൻ സാധിക്കുന്നില്ല. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റിന്റെ പരാജയമാണ് ഏൽക്കേണ്ടി വന്നത്. അതിൽ ആരാധകർ ഏറ്റവും കൂടുതൽ പഴിക്കുന്നത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ്.
ക്യാപ്റ്റൻസിയിലും, ബാറ്റിംഗിലും ഇന്ത്യക്ക് വേണ്ട മികച്ച പിന്തുണ നൽകാൻ അദ്ദേഹത്തിന് സാധിക്കാത്തതാണ് ടീം തൊൽകാനുള്ള കാരണമെന്നും അടുത്ത മത്സരത്തിൽ മികച്ച ക്യാപ്റ്റൻസി പ്രതീക്ഷിക്കുന്നുവെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരമായ സൈമൺ കാറ്റിച്ച്.
സൈമൺ കാറ്റിച്ച് പറയുന്നത് ഇങ്ങനെ:
“മൂന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മയില്‍നിന്ന് കുറച്ചുകൂടി മികച്ച ക്യാപ്റ്റന്‍സി പ്രതീക്ഷിക്കുന്നു, കളി ജയിക്കാൻ കുറച്ച് കൂടി അഗ്രസീവും ആക്റ്റീവുമായ സമീപനമാണ് രോഹിതിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഫീൽഡിങ്ങിലും മികച്ച വിന്യാസമല്ല രോഹിതിന്റെത്, കുറച്ച് കൂടി നന്നായി ക്യാപ്റ്റൻ റോൾ ചെയ്യാനാവുക ബുംമ്രയ്ക്കായിരിക്കും” സൈമൺ കാറ്റിച്ച് പറഞ്ഞു.
അടുത്ത മത്സരങ്ങൾ ഇന്ത്യക്ക് വളരെ നിർണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കണം. രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും ഫൈനലിലേക്കുള്ള ടിക്കറ്റ് ലഭിക്കും എന്ന വിശ്വാസത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.