കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി നല്‍കിയ പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റ് കണ്ടെത്തിയ സംഭവത്തില്‍ മെഡല്‍ നിര്‍മ്മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ. അക്ഷരത്തെറ്റ് വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം ഡിജിപിയ്ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പൊലീസ് മെഡലുകള്‍ തയ്യാറാക്കിയ ഭഗവതി ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയ്ക്ക് ഗുരുതര പിഴവ് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാപനം തയ്യാറാക്കിയ 270 മെഡലുകളില്‍ 246 മെഡലുകളിലും പിഴവുകള്‍ കണ്ടെത്തിയിരുന്നു. അക്ഷരത്തെറ്റ് കണ്ടെത്തിയതിന് പിന്നാലെ മെഡലുകള്‍ സ്വീകരിച്ചവരില്‍ നിന്ന് അവ തിരികെ വാങ്ങാന്‍ പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിരുന്നു.
ഡിജിപി എസ് ദര്‍വേഷ് സാഹബ് ആണ് ഇത് സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്ത്രി നല്‍കിയ മെഡലില്‍ പൊലീസ് മെഡല്‍ എന്നതിന് പോലസ് മെഡന്‍ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതുകൂടാതെ മുഖ്യമന്ത്രിയുടെ എന്നതിന് പകരം മുഖ്യമന്ത്രയുടെ എന്നും തെറ്റായി രേഖപ്പെടുത്തിയിരുന്നു.
ഇവയ്ക്ക് പുറമേ മെഡലുകളിലെ അശോക സ്തംഭത്തിലും തെറ്റ് സംഭവിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് പരിശോധന നടത്തിയ ശേഷമാണ് മെഡലുകള്‍ വേദിയിലെത്തിച്ചത്. എന്നാല്‍ എല്ലാ മെഡലുകളിലെയും വിഷയം സമാനമായിരുന്നിട്ടും എങ്ങനെ പിഴവ് പറ്റിയെന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്.