‘പരാമർശം പിൻവലിക്കണം’; പി വി അൻവറിന് വക്കീൽ നോട്ടീസ് അയച്ച് പി ശശി

‘പരാമർശം പിൻവലിക്കണം’; പി വി അൻവറിന് വക്കീൽ നോട്ടീസ് അയച്ച് പി ശശി

രാജിവച്ച നിലമ്പൂർ എംഎൽഎ പി വി അൻവറിന് വക്കീൽ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. വി ഡി സതീശനെതിരെ ഉന്നയിച്ച അഴിമതി ആരോപണം പി ശശിയുടെ നിര്ദേശപ്രകാരമാണെന്നായിരുന്നു പി വി അൻവറിന്റെ ആരോപണം. ഇത് പിൻവലിക്കണമെന്നാണ് നോട്ടീസിൽ പി ശശി ആവശ്യപ്പെട്ടിരിക്കുന്നത്.

മുൻപ് ഉന്നയിച്ച അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് പി വി അന്‍വര്‍ ഇന്നലെ മാപ്പ് ചോദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശ പ്രകാരമാണ് ആരോപണം ഉന്നയിച്ചതെന്ന് പി വി അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. രാജിക്ക് പിന്നാലെ ഉന്നയിച്ച അഴിമതി ആരോപണം പിൻവലിച്ച് സംസാരിക്കുകയായിരുന്നു പി വി അൻവർ. നിരന്തരം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളില്‍ അമര്‍ഷം ഉണ്ടായിരുന്നു. അങ്ങനെയാണ് പി ശശിയുടെ നിര്‍ദേശ പ്രകാരം അഴിമതി ആരോപണം ഉന്നയിച്ചതെന്നും അന്‍വര്‍ വെളിപ്പെടുത്തി.

പാപഭാരങ്ങള്‍ ചുമന്നാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും നിരവധി ആരോപണങ്ങള്‍ മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊണ്ടുവന്നിരുന്നു. അതില്‍ പ്രതിപക്ഷത്തോട് വിദ്വേഷം ഉണ്ടായിരുന്നു. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് സതീശനെതിരെ ആരോപണം ഉന്നയിക്കാന്‍ പറഞ്ഞതെന്ന് പി വി അൻവർ പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ പി വി അൻവറിനെതിരെ പി ശശി രംഗത്തെത്തി.

പി വി അൻവർ പറഞ്ഞത് പച്ചക്കള്ളമാണെന്നും രാഷ്ട്രീയ അഭയം ഉറപ്പിക്കാനുള്ള ഗൂഢാലോചനയാണെന്നും പി ശശി പറഞ്ഞു. പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിക്കാൻ പറഞ്ഞിട്ടില്ല. രാഷ്ട്രീയ അഭയം ഉറപ്പിക്കാനുള്ള ഗൂഢാലോചനയാണ് അൻവർ അവതരിപ്പിച്ചത്. ചെയ്‌ത കാര്യങ്ങൾ മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണെന്നും പി ശശി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *