സാങ്കേതിക പ്രശ്നം പരിഹരിച്ചു, പ്രോബ-3 ഇന്ന് ബഹിരാകാശത്തേക്ക്; ചരിത്രമെഴുതാന്‍ ഐഎസ്ആര്‍ഒ

സാങ്കേതിക പ്രശ്നം പരിഹരിച്ചു, പ്രോബ-3 ഇന്ന് ബഹിരാകാശത്തേക്ക്; ചരിത്രമെഴുതാന്‍ ഐഎസ്ആര്‍ഒ

സാങ്കേതിക പ്രശ്നം കാരണം മാറ്റിവച്ച പിഎസ്എല്‍വി-സി59 വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരിക്കും വിക്ഷേപണം. ഇന്നലെ നടക്കേണ്ടിയിരുന്ന വിക്ഷേപണം കൗണ്ട്‌ഡൗൺ അവസാനിക്കാൻ 43 മിനുട്ടും 50 സെക്കൻഡും ബാക്കിനിൽക്കെയാണ് മാറ്റിയത്. സൗരപര്യവേഷണത്തിനായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ രണ്ട് പേടകങ്ങളെ ഒരേസമയം ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ദൗത്യത്തിന് പ്രോബ-3 എന്നാണ് പേര്.

ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി തത്സമയം പ്രോബ-3 ലോഞ്ച് ഉച്ചകഴിഞ്ഞ് മുതല്‍ കാണാം. പ്രോബ-3 വിക്ഷേപണത്തിന്‍റെ അപ്‌ഡേറ്റുകള്‍ ഇസ്രൊ ഒഫീഷ്യല്‍ എക്‌സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടില്‍ പങ്കുവെയ്ക്കുന്നുണ്ട്. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി-സി59 കുതിക്കുക.

ഇന്നലെ ഇരട്ട ഉപഗ്രഹങ്ങളിലെ കൊറോണോഗ്രാഫ് പേടകത്തിലാണ് അവസാന മണിക്കൂറില്‍ പ്രശ്നം കണ്ടെത്തിയത്. പ്രൊപ്പൽഷൻ സിസ്റ്റത്തിനകത്തെ ഭ്രമണപഥ നിയന്ത്രണ സംവിധാനത്തിലായിരുന്നു പ്രശ്‌നം. സോഫ്റ്റ്‍വെയറിൽ മാറ്റം വരുത്തി പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുകയാണ് എന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി പിന്നാലെ അറിയിച്ചിരുന്നു.

ബഹിരാകാശ രംഗത്ത് മറ്റൊരു ചരിത്രമെഴുതാന്‍ പ്രോബ-3 യിലൂടെ തയ്യാറെടുക്കുകയാണ് ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇഎസ്എ) സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്. സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം.

നിശ്ചിത ഉയരത്തില്‍ ഒരു പേടകത്തിന് മുന്നില്‍ മറ്റൊരു പേടകം വരുന്ന തരത്തില്‍ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫും ഒക്യുല്‍റ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ചാണ് സൂര്യനെ കുറിച്ച് പഠിക്കുക.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *