
ദില്ലി: ലോക്സഭയിൽ സീറ്റ് നില മെച്ചപ്പെടുത്തി പ്രതിപക്ഷ നേതൃ സ്ഥാനം അടക്കം നേടിയ കോൺഗ്രസിന് നാല് പാർലമെൻ്ററി സ്റ്റാൻ്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷ പദവി കൂടി നൽകാൻ ധാരണയായി. വിദേശകാര്യം, ഗ്രാമവികസനം, കൃഷി എന്നീ ലോക്സഭ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷ സ്ഥാനമാകും കോൺഗ്രസിന് ലഭിക്കുക. രാജ്യസഭയിൽ നിന്ന് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനവും കോൺഗ്രസിന് കിട്ടും. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് രണ്ട് അദ്ധ്യക്ഷ സ്ഥാനം മാത്രമാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. ലോക്സഭയിലെ അംഗബലം കൂടിയ സാഹചര്യത്തിലാണ് കോൺഗ്രസ് കൂടുതൽ സമിതികൾ ചോദിച്ചത്. ആഭ്യന്തര മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ട് വെച്ചെങ്കിലും കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിനെ നേരത്തെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി അദ്ധ്യക്ഷനായി നിയമിച്ചിരുന്നു.