
ആൻ്റ്‌വെർപ് തുറമുഖം വഴിയുള്ള കൊക്കെയ്ൻ കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായി മുൻ ബെൽജിയൻ അന്താരാഷ്ട്ര ഫുട്‌ബോൾ താരം റഡ്‌ജ നൈംഗോളനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ബ്രസൽസ് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. രാജ്യത്തുടനീളം രാവിലെ നടത്തിയ റെയ്ഡുകൾക്ക് ശേഷം ഫുട്ബോൾ താരം ഉൾപ്പെടെ 16 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതായി ഓഫീസ് എഎഫ്‌പിയോട് പറഞ്ഞു.
“തെക്കേ അമേരിക്കയിൽ നിന്ന് ആൻ്റ്‌വെർപ് തുറമുഖം വഴി യൂറോപ്പിലേക്ക് കൊക്കെയ്ൻ ഇറക്കുമതി ചെയ്തതിൻ്റെയും ബെൽജിയത്തിൽ പുനർവിതരണം ചെയ്തതിൻ്റെയും ആരോപണം സംബന്ധിച്ച വസ്തുതകളാണ് അന്വേഷണം.” പ്രോസിക്യൂട്ടർമാർ പ്രസ്താവനയിൽ പറഞ്ഞു.
2.7 കിലോ (ആറ് പൗണ്ട്) കൊക്കെയ്‌നിന് പുറമേ, ഏകദേശം അര മില്യൺ യൂറോ പണവും സ്വർണ്ണ നാണയങ്ങളും, ആഭരണങ്ങളും, 360,000 യൂറോ വീതം വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകളും പോലീസ് പിടിച്ചെടുത്തു. മൂന്ന് തോക്കുകളും രണ്ട് ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും 14 വാഹനങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. ആൻ്റ്‌വെർപ്പിൽ ജനിച്ച നൈൻഗോളൻ, കഴിഞ്ഞയാഴ്ച വിരമിക്കലിൽ നിന്ന് തിരിച്ചു വന്ന് ബെൽജിയൻ ലോവർ ഡിവിഷനിൽ കളിക്കാൻ തീരുമാനിച്ചിരുന്നു.