ഹോട്ടൽ ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല; രഞ്ജിത്തിനെതിരായ പരാതിയിൽ യുവാവിന്റെ മൊഴി

ഹോട്ടൽ ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല; രഞ്ജിത്തിനെതിരായ പരാതിയിൽ യുവാവിന്റെ മൊഴി

മുൻ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ യുവാവിന്റെ മൊഴി പുറത്ത്. ഒമ്പത് വർഷത്തിന് മുൻപുള്ള സംഭവമായതിനാൽ ഏത് താജ് ഹോട്ടലാണെന്ന് പറയാൻ സാധിക്കുന്നില്ലെന്നാണ് യുവാവ് മൊഴി നൽകിയിരിക്കുന്നത്. അതേസമയം കേസിൽ മുൻപ് ആരോപിക്കപ്പെട്ട ബംഗളൂരുവിലെ താജ് ഹോട്ടലുകളിൽ പൊലീസ് തെളിവെടുപ്പ് നടത്തും.

അന്വേഷണ സംഘം ഇന്നലെ പരാതിക്കാരൻ്റെ മൊഴിയെടുത്തിരുന്നു. ഹോട്ടലേതെന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ പരാതിക്കാരനെ ബംഗളൂരു നഗരത്തിലുള്ള നാല് താജ് ഹോട്ടലുകളിലും എത്തിച്ച് മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. തെളിവെടുപ്പിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ രഞ്ജിത്തിന് നോട്ടീസ് നൽകും.

2012ൽ ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവാവിന്റെ പറയുന്നത്. തനിക്കുണ്ടായ ദുരനുഭവവും പരാതിക്കാരൻ പങ്കുവെച്ചിരുന്നു. കോഴിക്കോട്ട് മമ്മൂട്ടി നായകനായ ‘ബാവുട്ടിയുടെ നാമത്തിൽ’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ രഞ്ജിത്ത് തന്നെ കണ്ടെന്നും ടിഷ്യൂ പേപ്പറിൽ എഴുതിയ മൊബൈൽ നമ്പർ തന്നെന്നുമാണ് യുവാവ് പറഞ്ഞത്.

ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചാണ് രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയതെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു. ഞാൻ എങ്ങനെയുണ്ടെന്ന് കാണണമെന്ന് പറഞ്ഞ് രഞ്ജിത്ത് എന്നോട് നഗ്നനാകാൻ പറഞ്ഞു, എൻ്റെ കണ്ണുകൾക്ക് ഭംഗിയുണ്ടെന്ന് പറഞ്ഞു, എൻ്റെ കണ്ണിൽ കണ്മഷി എഴുതാൻ ആവശ്യപ്പെട്ടു എന്നും പരാതിക്കാരൻ പറഞ്ഞിരുന്നു.

അതേസമയം യുവാവിന് പുറമെ ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ വെളിപെരുത്തലുമായി രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു, പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വെളിപ്പെടുത്തിയിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *