പ്രീമിയർ ഷോ നിരോധിച്ച നടപടി പിൻവലിക്കില്ല; സർക്കാർ കുടുംബത്തിനൊപ്പമെന്ന് രേവന്ത് റെഡ്ഡി

പ്രീമിയർ ഷോ നിരോധിച്ച നടപടി പിൻവലിക്കില്ല; സർക്കാർ കുടുംബത്തിനൊപ്പമെന്ന് രേവന്ത് റെഡ്ഡി

തെലങ്കാനയിൽ പ്രീമിയർ ഷോകൾ നിരോധിച്ച നടപടി പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുമെന്ന തീരുമാനത്തിലും മാറ്റമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. തെലുങ്കു സിനിമാ പ്രതിനിധി സംഘത്തോടാണ് രേവന്ത് റെഡ്ഡി ഇക്കാര്യം വ്യക്തമാക്കിയത്. പുഷ്പ 2 റിലീസിനിടെ ഉണ്ടായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രീമിയർ ഷോകൾ നിരോധിച്ചത്.

ചിരഞ്ജീവി, അല്ലു അർജുന്‍റെ അച്ഛൻ അല്ലു അരവിന്ദ്, വെങ്കടേഷ് അടക്കമുള്ള പ്രമുഖ താരങ്ങളും നിർമാതാക്കളും മറ്റ് തെലുഗു ഫിലിംചേംബർ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ആരാധകരെയും സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെയും നിയന്ത്രിക്കേണ്ടത് താരങ്ങളാണെന്നും രേവന്ത് നിർമാതാക്കളോട് പറഞ്ഞു. അതേസമയം പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം നിർഭാഗ്യകരമാണെന്നും സർക്കാർ ആ കുടുംബത്തിനൊപ്പമുണ്ടെന്നും രേവന്ത് വ്യക്തമാക്കി.

അതേസമയം സംക്രാന്തി റിലീസുകളുടെ വരുമാനത്തെ സാരമായി ബാധിക്കുന്നതാണ് സർക്കാരിന്‍റെ ഈ തീരുമാനം. രാംചരണിന്‍റെയും ബാലകൃഷ്ണയുടെയും വെങ്കടേഷിന്‍റേതുമായി മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങളാണ് സംക്രാന്തിക്ക് റിലീസിനൊരുങ്ങുന്നത്. ചരിത്രം, സ്വാതന്ത്ര്യസമരം, മയക്കുമരുന്നുകൾക്കെതിരായ സന്ദേശം എന്നിവ പ്രമേയമാക്കിയ സിനിമകൾക്ക് മാത്രമേ ഇളവുകളുണ്ടാകൂ.

പുഷ്പ 2 പ്രീമിയർ ദുരന്തത്തെത്തുടർന്ന് സ്ത്രീ മരിച്ച കേസിൽ അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തതും പിന്നീട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും തെലങ്കാനയിൽ വലിയ രാഷ്ട്രീയപ്പോരിനാണ് വഴിവച്ചത്. തുടർന്ന് പ്രശ്നപരിഹാരം ലക്ഷ്യമിട്ടാണ് നിർമാതാക്കളുടെ സംഘടനകളും താരങ്ങളും ചേർന്ന് ഇന്ന് രേവന്ത് റെഡ്ഡിയെ കാണാനെത്തിയത്.

‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആരാധികയായ യുവതി മരിച്ചത്. പുഷ്പ 2 പ്രീമിയര്‍ ഷോ കാണാന്‍ സന്ധ്യ തിയറ്ററില്‍ കുടുംബത്തോടൊപ്പം എത്തിയ രേവതി എന്ന യുവതിയാണ് തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രേവതിയുടെ മകന്‍ ശ്രീതേജ് മസ്തിഷ്ക മരണം സംഭവിച്ച് നിലവിൽ ചികത്സയിലാണ്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാന്‍ അല്ലു അര്‍ജുനും തിയറ്ററില്‍ എത്തിയിരുന്നു. അല്ലു അർജുൻ എത്തിയത് അറിഞ്ഞ് ആരാധകര്‍ തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണമായത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *