ഫോമിൻ്റെ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്ന രോഹിത് ശർമ്മയെ ‘അമിത ഭാരമുള്ളയാളും’ ‘ഫ്ലാറ്റ് ട്രാക്ക്’ ബുള്ളിയുമാണെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡാരിൽ കള്ളിനൻ വിശേഷിപ്പിച്ചിരിക്കുകയാണ്. താളം കണ്ടെത്താൻ പാടുപെടുന്ന ഇന്ത്യൻ നായകൻ അടുത്ത കാലത്തായി മോശം ഫോം കാരണം ബുദ്ധിമുട്ടുകയാണ്. ഇതിന്റെ പേരിൽ താരം വിമർശനങ്ങൾ കേൾക്കുകയും ചെയ്യുന്നുണ്ട്.
അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ രോഹിത് ബാറ്റിംഗ് ഓർഡറിൽ ആറാം നമ്പറിലാണ് ഇറങ്ങുന്നത്. എന്നിരുന്നാലും, പിങ്ക് ബോൾ ടെസ്റ്റിൽ തീർത്തും നിരാശപ്പെടുത്തിയ രോഹിത് അവിടെയും ഗതിപിടിച്ചില്ല. മോശം ഹോം സീസണിന് ശേഷം ഓസ്‌ട്രേലിയയിലേക്ക് വരികയും 38 വയസ്സിനോട് അടുക്കുകയും ചെയ്യുന്ന ബാറ്റർ ഇനി ടെസ്റ്റ് ക്രിക്കറ്റിൽ എത്ര കാലം കളിക്കും എന്നുള്ളത് കണ്ടറിയണം.
രോഹിത് ശർമ്മയുടെ ഫിറ്റ്‌നസ് നിലവാരത്തെ ഡാരിൽ കള്ളിനൻ വിമർശിക്കുകയും രോഹിത് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ യോഗ്യനല്ലെന്ന് മുദ്രകുത്തുകയും ചെയ്തു.
“രോഹിതിനെ നോക്കൂ, ശേഷം വിരാടിനെ നോക്കൂ. അവരുടെ ശാരീരികാവസ്ഥയിലെ വ്യത്യാസം ശ്രദ്ധിക്കുക. രോഹിത്തിന് അമിതഭാരമാണ്, ദീർഘകാല ക്രിക്കറ്റ് കളിക്കാൻ അവന് സാധിക്കില്ല. തടി കാരണം അവൻ ബുദ്ധിമുട്ടുന്നു,” കള്ളിനൻ ഇൻസൈഡ്സ്പോർട്ടിനോട് പറഞ്ഞു.
2024-ൻ്റെ തുടക്കത്തിൽ ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയ്ക്ക് ശേഷം ഒരു ടെസ്റ്റ് ഫിഫ്റ്റി മാത്രമാണ് രോഹിത് രേഖപ്പെടുത്തിയത്. ദൈർഘ്യമേറിയ ഫോർമാറ്റിൽ തൻ്റെ അവസാന 12 ഇന്നിംഗ്‌സുകളിൽ എട്ടിലും ഇരട്ട അക്ക സ്‌കോറുകൾ രേഖപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു.