നിന്റെ ജീവനിലുള്ള ആശങ്ക ഞാന്‍ വിളിച്ചു പറയും, കേസിന്റെ കാര്യത്തില്‍ ഭയമില്ല..; മഞ്ജു വാര്യരെ ടാഗ് ചെയ്ത് വീണ്ടും സനല്‍ കുമാര്‍

നിന്റെ ജീവനിലുള്ള ആശങ്ക ഞാന്‍ വിളിച്ചു പറയും, കേസിന്റെ കാര്യത്തില്‍ ഭയമില്ല..; മഞ്ജു വാര്യരെ ടാഗ് ചെയ്ത് വീണ്ടും സനല്‍ കുമാര്‍

നടി പരാതി നല്‍കിയതിന് പിന്നാലെ വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. നടിയുടെ ജീവന് അപകടമുണ്ടെന്നും അവരെ കാണാനോ സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും പൊതുസമൂഹത്തോട് വിളിച്ചു പറയുന്നതിനാണ് ഇത്തവണയും തനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. നടിയുടെ അറിവോട് കൂടിയല്ല ഈ കേസ് ന്നെ് താന്‍ വിശ്വസിക്കുന്നുവെന്നും ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ തയാറാകണമെന്നുമാണ് സനല്‍ കുമാര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുന്നത്.

സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റ്:

സ്ത്രീത്വത്തെ അപമാനിച്ചു എന്ന പേരില്‍ എനിക്കെതിരെ വീണ്ടും എളമക്കര പൊലീസ് സ്റ്റേഷനില്‍ തന്നെ ഒരു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നു എന്ന് വാര്‍ത്ത കണ്ടു. പതിവുപോലെ നിന്റെ ജീവന് അപകടമുണ്ടെന്നും നിന്നെ കാണാനോ സംസാരിക്കാനോ അനുവദിക്കുന്നില്ല എന്നും ഞാന്‍ പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞതിനാണ് ഇത്തവണയും കേസ്. നടിയുടെ പരാതിയിലാണ് കേസ് എന്നാണ് അറിയുന്നത്. നിന്റെ പേരില്‍ തന്നെയാവും ഇത്തവണയും കേസ്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത കള്ളക്കേസ് ഇനിയും അന്വേഷിക്കുകയോ നിന്റെ മൊഴി രേഖപ്പെടുത്തുകയോ എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല.

നിന്റെ ജീവനിലുള്ള ആശങ്ക പൊതുസമൂഹത്തോട് ഞാന്‍ വിളിച്ചു പറയും മുന്‍പ് നിന്നെയും നിന്റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും ഞാന്‍ വിളിച്ചറിയിച്ചിരുന്നു. നീയുമായി സംസാരിക്കാന്‍ അനുവദിക്കാതിരുന്ന സാഹചര്യത്തിലും നീ തന്നെ പറഞ്ഞറിഞ്ഞ ഭീതിപ്പെടുത്തുന്ന ജീവിതാവസ്ഥയുടെ അലോസരത്തിലുമാണ് ഞാനത് നമ്മുടെ സംഭാഷണത്തിന്റെ ശബ്ദരേഖയുടെ കൂടി പിന്‍ബലത്തില്‍ പൊതു സമൂഹത്തില്‍ പങ്കുവച്ചത്. ആ ശബ്ദരേഖ പൊതു സമൂഹം ചര്‍ച്ചചെയ്യാതിരിക്കാന്‍ കഴിയുന്നത്ര ശ്രമിച്ചിട്ടും സാധിക്കാതെ വന്നതുകൊണ്ടാണ് ഇപ്പോള്‍ എന്നെയും ഇതെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സാധ്യതയുള്ള മറ്റുള്ളവരെയും ഭയപ്പെടുത്തി മാറ്റി നിര്‍ത്തുന്നതിനായി ഇപ്പോള്‍ എളമക്കര പൊലീസ് സ്റ്റേഷനില്‍ തന്നെ കഴിഞ്ഞ തവണത്തെ പോലെ തന്നെ അര്‍ദ്ധരാത്രിയില്‍ ഈ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇത്തവണയും ഇത് നിന്റെ അറിവോടുകൂടി അല്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞതവണ എന്നെ എളമക്കര പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്നതിനായി എന്റെ വിലാസം ”അണ്‍നോണ്‍ എറണാകുളം” എന്നായിരുന്നു എഴുതിയിരുന്നത്. ഇത്തവണ അത് എന്താണെന്ന് എനിക്കറിയില്ല. എന്തായാലും ഒരു കാര്യം ഇതോടെ ഉറപ്പായി കാര്യങ്ങളുടെ സത്യാവസ്ഥ പൊതുസമൂഹത്തോട് വെളിവാക്കുന്ന തരത്തില്‍ നീ ഒരു പരസ്യ പ്രസ്താവനയോ പത്രസമ്മേളനമോ നടത്താന്‍ ഉള്ള സാഹചര്യം ഉണ്ടാകരുത് എന്നത് ഉറപ്പിക്കുന്നതിനാണ് ഇപ്പോള്‍ ഈ പൊലീസ് കേസ്.

കേസിന്റെ കാര്യത്തില്‍ എനിക്ക് തെല്ലും ഭയമില്ല. ഞാന്‍ പറഞ്ഞതെല്ലാം സത്യമായതുകൊണ്ടും സ്വതന്ത്രമായി പൊതുസമക്ഷം നിന്നെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കാനാണ് ഇപ്പോള്‍ ഈ കേസ് എന്നുള്ളതുകൊണ്ടും എനിക്ക് ഇപ്പോഴും ഭയം നിന്റെ കാര്യത്തില്‍ മാത്രം. പൊതുസമൂഹം നിനക്ക് കാവല്‍ നില്‍ക്കട്ടെ എന്ന് മാത്രമേ എനിക്ക് ഇപ്പോള്‍ ഇക്കാര്യത്തില്‍ പറയാനുള്ളൂ. ഇനിയെങ്കിലും ഈ കേസിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ മാധ്യമങ്ങള്‍ തയാറാവണം എന്നാണ് എന്റെ അഭ്യര്‍ഥന.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *