ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു കലണ്ടർ വർഷത്തിൽ നാല് ഡക്ക് റജിസ്റ്റർ ചെയ്യുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി ടീം ഇന്ത്യയുടെ ബാറ്റർ സഞ്ജു സാംസൺ ഞായറാഴ്ച അനാവശ്യ റെക്കോഡ് സൃഷ്ടിച്ചു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഗ്കെബെർഹയിലെ സെൻ്റ് ജോർജ്സ് പാർക്കിൽ നടന്ന രണ്ടാം ടി20യിലാണ് അദ്ദേഹത്തിൻ്റെ ഈ നാണംകെട്ട റെക്കോഡ് പിറന്നത്.
തുടർച്ചയായ രണ്ട് സെഞ്ചുറികളോടെ പെട്ടെന്ന് തന്നെ വാർത്തകളിൽ നിറഞ്ഞ സഞ്ജു മാർക്കോ ജാൻസൻ്റെ പന്തിലാണ് ഇന്നലെ ബൗൾഡ് ആയി മടങ്ങിയത്. വെറും മൂന്ന് പന്തുകൾ മാത്രം നേരിട്ട സാംസൺ ഒരു ബിഗ് ഷോട്ട് കളിക്കാനാണ് ശ്രമിച്ചത്. പക്ഷേ ബോളറുടെ എക്സ്ട്രാ പേസ് സഞ്ജുവിന് ബുദ്ധിമുട്ട് ഉണ്ടാക്കുക ആയിരുന്നു.
പന്ത് ലെഗ് സ്റ്റമ്പിൽ ക്ലിപ്പ് ചെയ്തു, സാംസൺ പൂജ്യനായി മടങ്ങിയത് ഇന്ത്യൻ ക്യാമ്പിനെ നിരാശപ്പെടുത്തി. കമൻ്റേറ്റർ ഷോൺ പൊള്ളോക്ക് ആ നിമിഷം പറഞ്ഞ അഭിപ്രായം “ഹീറോയിൽ നിന്ന് പൂജ്യത്തിലേക്ക്,” സാംസണിൻ്റെ പെട്ടെന്നുള്ള പുറത്താക്കലിന് ശേഷം ഇന്ത്യൻ ടോപ് ഓർഡറും തകർന്നുവീണു.
മത്സരത്തിലേക്ക് വന്നാൽ നാല് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. 125 റൺസ് പിന്തുടർന്ന പ്രോട്ടീസ് ഒരു ഘട്ടത്തിൽ 86/7 എന്ന നിലയിൽ വലിയ പ്രതിസന്ധിയിലായത് ആയിരുന്നു. എന്നാൽ ട്രിസ്റ്റൻ സ്റ്റബ്‌സും (പുറത്താകാതെ 47) ജെറാൾഡ് കോട്‌സിയും (19 നോട്ടൗട്ട്) ചേർന്ന് മികച്ച കൂട്ടുകെട്ടിലൂടെ കൈവിട്ടുപോകുമെന്ന് തോന്നിച്ച വിജയം ടീമിന് നേടി കൊടുക്കുക ആയിരുന്നു.